FeaturedHome-bannerKeralaNewsPolitics

‘സിലിണ്ടറിന്റെ കാലംകഴിഞ്ഞു, ഇനി പൈപ്പ്‌ലൈൻ ഗ്യാസ്’; വിലവർധന ന്യായീകരിച്ച് സുരേന്ദ്രൻ

കൊച്ചി: ഗാര്‍ഹിക, വാണിജ്യ പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്ര നടപടിയില്‍ പ്രതികരണവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വില കൂട്ടിയതു സംബന്ധിച്ചുള്ള ചോദ്യത്തിന് സിലിണ്ടര്‍ ഗ്യാസിന്റെ കാലം കഴിഞ്ഞെന്ന് സുരേന്ദ്രന്‍ മറുപടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍

കേരളത്തില്‍ വൈകാതെ സിലിണ്ടര്‍ ഗ്യാസിന്റെ ഉപയോഗം അവസാനിക്കും. ഗെയില്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തിയായതോടുകൂടി കേരളത്തിലെ പല നഗരങ്ങളിലും ഇതിനകം തന്നെ വീടുകളില്‍ പൈപ്പ്‌ലൈന്‍ ഗ്യാസ് എത്തിക്കഴിഞ്ഞു. നഗരങ്ങളിലൊന്നും ഇനിമുതല്‍ സിലിണ്ടര്‍ ഗ്യാസ് ഉപയോഗിക്കില്ല. വളരെ വില കുറഞ്ഞ പൈപ്പ് ലൈന്‍ ഗ്യാസായിരിക്കും ഉപയോഗിക്കുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം കമ്പനികള്‍ക്കുണ്ടായിട്ടുള്ള വലിയ തോതിലുള്ള നഷ്ടം പൂര്‍ണമായും തിരിച്ചടച്ചിരിക്കുകയാണ് നരേന്ദ്ര മോദി. കേരള സര്‍ക്കാരിനെപ്പോലെ ജനങ്ങളെ പിഴിഞ്ഞ് പുട്ടടിക്കുന്ന പരിപാടി സര്‍ക്കാരിനില്ല. മോദി സര്‍ക്കാര്‍ ഒരു രൂപയുടെ അഴിമതി പോലും നടത്തിയില്ലെന്നും പാചക വാതക വില വര്‍ധനവു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സുരേന്ദ്രന്‍ മറുപടി നല്‍കി.

ത്രിപുര നാഗാലാന്‍ഡ്, മേഘാലയ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും സി.പി.എമ്മിനും വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പരസ്പര വൈരികളായ കോണ്‍ഗ്രസും സി.പി.എമ്മും ത്രിപുരയില്‍ അവിശുദ്ധ സഖ്യം രൂപവത്കരിച്ച് ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ത്രിപുരയിലെ ജനങ്ങള്‍ അവരെ നിരാകരിച്ചു. മധുവിധു ആഘോഷിക്കുംമുന്‍പേ ത്രിപുരയില്‍ സി.പി.എം. – കോണ്‍ഗ്രസ് ദാമ്പത്യം തകര്‍ന്നുപോയി. മോദിയുടെ ജനപിന്തുണ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും പ്രതിഫലിക്കും. ഒരു സംസ്ഥാനത്തിന് മാത്രമായി ബി.ജെ.പി.യെ സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button