കൊച്ചി:ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്ന ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി സിനിമാ താരം സുരാജ് വെഞ്ഞാറമൂട്. ഗുസ്തിതാരങ്ങള്‍ക്ക് നീതി ലഭിക്കാനായി ശബ്ദം ഉയര്‍ത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയില്‍ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ല. അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുക. നീതിയുടെ സാക്ഷികള്‍ ആകുക’, സുരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ എന്നിവരെ ഡല്‍ഹി പോലീസ് നേരിടുന്നതിന്റെ ചിത്രത്തിനൊപ്പം അവര്‍ കരസ്ഥമാക്കിയ നേട്ടങ്ങളും പങ്കുവെച്ചായിരുന്നു സുരാജിന്റെ പ്രതികരണം.
നേരത്തേ, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, അപര്‍ണാ ബാലമുരളി, സംവിധായിക അഞ്ജലി മേനോന്‍ എന്നിവരും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി താരങ്ങള്‍ക്ക് ലഭിക്കാതെ പോയിക്കൂടെന്നായിരുന്നു ടോവിനോയുടെ പ്രതികരണം.
നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നുവെന്നായിരുന്നു അപര്‍ണാ ബാലമുരളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ഒരു സമൂഹത്തെ അളക്കുന്നതെന്ന് സംവിധായിക അഞ്ജലി മേനോനും പ്രതികരിച്ചു.