Home-bannerNationalNews

ജഹാം​ഗീർപുരിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയുടെ ഉത്തരവ്

ദില്ലി: ദില്ലി ജഹാം​ഗീർപുരിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയുടെ ഉത്തരവ്. കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരി​ഗണിക്കും. സുപ്രീംകോടതി ഉത്തരവിനു ശേഷവും പൊളിക്കൽ നടപടികൾ തുടർന്നത് ​ഗൗരവമായി കാണുന്നുവെന്ന് കോടതി പറഞ്ഞു.

നോട്ടീസ് നൽകിയാണ് പൊളിക്കൽ നടപടികൾ ഉണ്ടായതെന്നാണ് സോളിസിറ്റർ ജനറൽ ഉൾപ്പടെയുള്ളവർ കോടതിയിൽ പറഞ്ഞത്. ​ഇങ്ങനെ നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ചൂണ്ടിക്കാട്ടി ജഹാം​ഗിൽപുരിയിൽ ഉള്ളവരും ഹർജിക്കാരും സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നോർത്ത് ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഇതു സംബന്ധിച്ച് എതിർവാങ്മൂലം നൽകണമെന്നും കോടതി വ്യക്തമാക്കി. വലിയ രീതിയിലുള്ള വാ​ദപ്രതിവാദങ്ങൾക്കാണ് ഇന്ന് കോടതി സാക്ഷ്യം വഹിച്ചത്. 

പൊളിക്കൽ നിർത്തിവെക്കണമെന്ന കോടതിയുടെ ഉത്തരവ് വന്നശേഷവും പൊളിക്കൽ നടപടികൾ ഒരു മണിക്കൂറോളം തുടർന്നു. നോർത്ത് ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ  മേയറടക്കം  നടത്തിയ പ്രതികരണങ്ങളും കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ ​ഗൗരവത്തോടെ ഈ കാര്യം കാണുന്നുവെന്ന് കോടതി വ്യക്തമാക്കി. ഇത് പിന്നീട് പ്രത്യേകം പരി​ഗണിക്കുമെന്നും കോടതി പറഞ്ഞു.  ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. 

ഒരു മതവിഭാ​ഗത്തെ മാത്രം ലക്ഷ്യംവച്ചാണ് ഈ പൊളിക്കൽ നടപടികൾ എന്നതടക്കമുള്ള വാദങ്ങളാണ് ദുഷ്യന്ത് ദവേ നിരത്തിയത്. ബി ജെ പി നേതാവിൻ്റെ കത്തിന് പിന്നാലെയാണ് പൊളിക്കൽ നടപടികൾ തുടങ്ങിയത്. സർക്കാർ നയത്തിന്റെ ഉപകരണമാണോ ബുൾഡോസർ. കാടിൻ്റെ നീതിയാണ് നടപ്പാക്കുന്നത്. നോട്ടീസിനും അപ്പീലിനും വ്യവസ്ഥയുണ്ട് ,ഇത് പാലിച്ചിട്ടില്ല എന്നും ദുഷ്യന്ത് ദവേ അഭിപ്രായപ്പെട്ടു. 

സമാനമായ വാദമാണ് കപിൽ സിബലും ഉന്നയിച്ചത്. മതപരമായ യാത്രകൾ നടന്നതിന് പിന്നാലെ സംഘർഷമുണ്ടായാൽ ഒരു വിഭാഗത്തിൻ്റെ വീടുകൾ പൊളിക്കുന്ന രീതി തുടരുന്നുന്നെന്ന് കപിൽ സിബൽ പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നു. പൊളിക്കലിൽ സ്റ്റേ വേണമെന്നും കപിൽ സിബിൽ പറഞ്ഞു. 

രാജ്യത്തെ മുഴുവനായി സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു. വിഷയത്തിൽ ദേശീയ പ്രാധാന്യമെന്തെന്ന് സുപ്രീംകോടതി ചോദിച്ചു. രാജ്യത്തെ ബാധിക്കുന്ന വിഷയമെന്ന് ഹർജിക്കാർ മറുപടി നൽകി. കോടതി ഉത്തരവിന് ഒരു മണിക്കൂറിന് ശേഷം 12.45 വരെ പൊളിക്കൽ നടപടികൾ നിർത്തിയില്ലെന്ന് മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥ് പറഞ്ഞു. എല്ലാ രേഖകളും ഉണ്ടായിട്ടും തൻ്റെ കട പൊളിച്ചെന്ന് ജഹാംഗീർ പുരി സ്വദേശി ഗണേഷ് ഗുപ്ത കോടതിയിൽ പറഞ്ഞു. നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. രേഖകൾ കാട്ടാൻ  സോളിറ്റർ ജനറൽ ആവശ്യപ്പെട്ടു. ദില്ലി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ജനുവരി 19 ന് തുടങ്ങിയ നടപടിയാണ്. മധ്യപ്രദേശിലെ ഖാർഗാവിൽ നടന്ന പൊളിക്കൽ നടപടികൾ പെട്ടവരിൽ 88 പേർ ഹിന്ദുക്കളും 26 പേർ മുസ്ലിങ്ങളുമാണ്. ഇന്നലെ നടന്നത് ചെറിയ സ്റ്റാളുകൾ, കസേരകൾ മാറ്റുക മാത്രമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. ഇതൊക്കെ മാറ്റാൻ എന്തിന് ബുൾഡോസറെന്നായിരുന്നു കോടതിയുടെ ചോദ്യം. 

നോട്ടീസ് നൽകിയില്ലെന്ന് ഹർജിക്കാരും നൽകിയെന്ന് സർക്കാരും പറഞ്ഞ സാഹചര്യത്തിലാണ് സത്യവാങ്മൂലം നൽകാൻ ഇരുകൂട്ടരോടും സുപ്രീംകോടതി ആവശ്യപ്പെട്ടത്. രാജ്യതലസ്ഥാനത്തെ ജഹാംഗീർപുരിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് എതിരെ നാല് ഹർജികളാണ് സുപ്രീംകോടതിക്ക് മുമ്പിൽ എത്തിയിട്ടുള്ളത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker