FeaturedHome-bannerNationalNews

അപകീർത്തിക്കേസ്:അയോഗ്യതയില്‍ സ്റ്റേ ഇല്ല, രാഹുലിന്റെ ഹർജിയിൽ പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷിയായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചു. നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്ന് പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഓഗസ്റ്റ് നാലിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, പി.കെ മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തീയതി തെരെഞ്ഞെടുപ്പ് തീയതി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഏത് സമയവും പ്രഖ്യാപിക്കാമെന്ന് രാഹുല്‍ ഗാന്ധിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യത്തില്‍ സുപ്രീം കോടതി ഉടന്‍ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുല്‍ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യമാക്കപ്പെട്ടിട്ട് 111 ദിവസം കഴിഞ്ഞു. അദ്ദേഹത്തിന് ഒരു പാര്‍ലമെന്റ് സമ്മേളനം നഷ്ടമായെന്നും സിംഗ്വി വാദിച്ചു. എത്രയുംവേഗം ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്നും സിംഗ്വി ആവശ്യപ്പെട്ടു. രാഹുലിന്റെ ഹര്‍ജിയില്‍ മറുപടി ഫയല്‍ ചെയ്യാന്‍ പത്ത് ദിവസം സമയം അനുവദിക്കണമെന്ന് പൂര്‍ണേഷ് മോദിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനി ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹര്‍ജി ഓഗസ്റ്റ് നാലിന് പരിഗണിക്കാനായി കോടതി മാറ്റിയത്.

ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ ബെഞ്ചിന് നേതൃത്വം വഹിക്കുന്ന ജസ്റ്റിസ് ബി.ആര്‍ ഗവായ് തുടങ്ങിയത് തന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടാണ്. തന്റെ അച്ഛന്‍ കോണ്‍ഗ്രസുകാരന്‍ ആയിരുന്നു. 40 വര്‍ഷത്തോളം അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗം ആയിരുന്നു. സഹോദരന്‍ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ട്. താന്‍ ഈ കേസ് കേള്‍ക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ പിന്മാറാം എ്‌നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയും, പൂര്‍ണേഷ് മോദിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനിയും ജസ്റ്റിസ് ബി.ആര്‍ ഗവായ് കേസ് കേള്‍ക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് രാഹുലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് ഗവായ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്. കേരളത്തിന്റെ മുന്‍ ഗവര്‍ണര്‍ കൂടി ആയിരുന്നു ആര്‍.എസ് ഗവായ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button