FeaturedKeralaNews

സര്‍ക്കാരിന് ആശ്വാസം; കെ റെയിലുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിക്കെതിരേ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ബൃഹത്തായ പദ്ധതിക്കായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. സാമൂഹികാഘാതപഠനം സര്‍ക്കാരിന് തുടരാമെന്നും പദ്ധതിയെക്കുറിച്ച് പഠിക്കുമ്പോള്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു.

എല്ലാ വ്യവസ്ഥകളും ലംഘിച്ചാണ് സ്വകാര്യ ഭൂമിയില്‍ സര്‍ക്കാര്‍ കെ റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഒരു കൂട്ടം പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. പദ്ധതിയുടെ സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയെയും സുപ്രീംകോടതി വിമര്‍ശിച്ചു.

തുടക്കത്തില്‍ തന്നെ സര്‍വേ തടഞ്ഞ് വിധി പ്രസ്താവിച്ചതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. പിന്നീട് സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു.

കല്ലിടല്‍ ആരംഭിച്ചതുമുതല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ മിക്കയിടങ്ങളിലും സില്‍വര്‍ ലൈന്‍ വിരുദ്ധസമിതി പിഴുതെറിഞ്ഞു. അതേസമയം എന്തുവിലകൊടുത്തും പദ്ധതിയുമായി മുന്നോട്ടപോകുമെന്ന നിലപാടില്‍ തന്നെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍.

അതിനിടെ സില്‍വര്‍ലൈന്‍ പദ്ധതിക്കായി സാമൂഹ്യആഘാതപഠനം നടത്തിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്ന സര്‍ക്കാര്‍ വാദം പൊളിച്ചുകൊണ്ടുള്ള, രേഖകള്‍ പുറത്തുവന്നു. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം തന്നെ എടുത്തിരുന്നുവെന്ന് തെളിയിക്കുന്ന വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

ഒക്ടോബര്‍ എട്ടിന് പുറത്തിറക്കിയ വിജ്ഞാപനത്തിലും പിന്നീട് പദ്ധതി കടന്നുപോകാനിരിക്കുന്ന 11 ജില്ലകളിലെ ജില്ലാഭരണകൂടങ്ങള്‍ പുറത്തിറക്കിയ തുടര്‍വിജ്ഞാപനങ്ങളിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പരുകളടക്കം കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ഈ ഭൂമിയില്‍ തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker