ന്യൂഡല്‍ഹി: നയതന്ത്ര ബാഗേജില്‍ സംശയം തോന്നിയാല്‍ അവ സ്‌കാന്‍ ചെയ്യാന്‍ അധികാരമുണ്ടോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിന്റെ വിചാരണ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രത്തോട് സുപ്രീംകോടതിയുടെ ചോദ്യം.
ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി പരിഗണിച്ചത്. ഇതില്‍ ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോട് സംശയകരമായ നയതന്ത്ര ബാഗേജുകള്‍ സ്‌കാന്‍ ചെയ്യാന്‍ കേന്ദ്രത്തിന് അധികാരം ഉണ്ടോ എന്ന് ആരാഞ്ഞത്.
എല്ലാ ബാഗേജുകളും സ്‌കാന്‍ ചെയ്യാറില്ലെങ്കിലും സംശയകരമായ നയതന്ത്ര ബാഗേജുകള്‍ സ്‌കാന്‍ ചെയ്യാന്‍ ഏജന്‍സികള്‍ക്ക് അധികാരം ഉണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്.വി. രാജു സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം ഓദ്യോഗിക നിലപാട് അറിയിക്കാമെന്നും രാജു കോടതിയെ അറിയിച്ചു.
കബില്‍ സിബലിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി ഹര്‍ജി മാറ്റിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇ.ഡി. എതിര്‍ത്തില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ്. സ്പെഷ്യല്‍ ബെഞ്ചിന് മുമ്പാകെ ചൊവ്വാഴ്ച സിബല്‍ മറ്റൊരു കേസിന് ഹാജരായി.
അതിനാൽ ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി ആവശ്യപ്പെട്ടു. കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ലെന്നും അതിനാല്‍ മാറ്റുന്നതിനെ എതിര്‍ക്കുന്നില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി.