NationalNews

എന്ത് തരം ക്രൂരതയാണിത്?മുസ്ലീങ്ങളെ തല്ലിച്ചതച്ച കേസില്‍ ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി:ഗുജറാത്തില്‍(Gujarat) മുസ്ലീം സമുദായത്തില്‍പ്പെട്ട(Muslim men) മൂന്ന് പേരെ പരസ്യമായി തല്ലിച്ചതച്ച പൊലീസുകാരെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി(Supreme Court). എന്ത് തരം ക്രൂരതയാണിത്? ആളുകളെ തൂണില്‍ കെട്ടിയിട്ട് പരസ്യമായി മര്‍ദിക്കുകയും വീഡിയോ എടുക്കുകയും ചെയ്യുന്നു. ആളുകളെ തൂണില്‍ കെട്ടിയിട്ട് തല്ലാന്‍ നിയമപ്രകാരം അവര്‍ക്ക് അധികാരമുണ്ടോയെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

കേസിലെ പ്രതികളായ നാല് പൊലീസുകാരെ 14 ദിവസത്തെ തടവിന് ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ(Gujarat High Court) കോടതിയലക്ഷ്യ നടപടികള്‍ക്കുള്ള(contempt proceedings) സ്റ്റേ സുപ്രീംകോടതി നീട്ടി. 2022 ഒക്ടോബറില്‍ ഖേഡ(Kheda) ജില്ലയില്‍ ഉന്ധേല ഗ്രാമത്തിലായിരുന്നു കേസിനാസ്പദമായി സംഭവം. 

ഒരു ഗര്‍ബ പരിപാടിക്ക് നേരെ മുസ്ലീം സമുദായാംഗങ്ങള്‍ അടങ്ങുന്ന ജനക്കൂട്ടം കല്ലെറിഞ്ഞു. സംഭവത്തില്‍ പ്രദേശവാസികള്‍ക്കും ചില പൊലീസുകാര്‍ക്കും പരിക്കേറ്റു. ഈ സംഭവത്തില്‍ അറസ്റ്റിലായ 13 പ്രതികളില്‍ മൂന്ന് പേരെ പോലീസ് ഉദ്യോഗസ്ഥര്‍ പരസ്യമായി ചാട്ടവാറടിക്ക് വിധേയരാക്കി. ഇത് വ്യക്തമാക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സംഭവം വിവാദമായതോടെ ഒക്ടോബര്‍ 19 ന് ഗുജറാത്ത് ഹൈക്കോടതി നാല് പോലീസുകാര്‍ക്കും 14 ദിവസത്തെ തടവ് ശിക്ഷ വിധിച്ചു. കസ്റ്റഡി പീഡനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇവര്‍ക്കെതിരെ കോടതിയലക്ഷ്യവും ഹൈക്കോടതി ചുമത്തി. ഇതോടെ പ്രതികളായ പോലീസുകാര്‍ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്യുകയും നിയമപരമായ അപ്പീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസുകളും വകുപ്പുതല നടപടികളും ഉള്ളപ്പോള്‍ ഹൈക്കോടതിക്ക് എങ്ങനെ കോടതിയലക്ഷ്യ കേസില്‍ നടപടിയെടുക്കാനാകുമെന്ന് പോലീസുകാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദവെ ചോദിച്ചു.

ഇതോടെ അപ്പീല്‍ സ്വീകരിച്ച കോടതി നടപടികള്‍ സ്റ്റേ ചെയ്യാന്‍ സമ്മതിക്കുകയും വാദം വേഗത്തിലാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ‘അപ്പോള്‍ കസ്റ്റഡി ആസ്വദിക്കൂ, നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഉദ്യോഗസ്ഥരുടെ അതിഥിയാകും’, എന്നായിരുന്നു 14 ദിവസത്തെ തടവുശിക്ഷയുടെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അഭ്യര്‍ത്ഥനയോട്  ജസ്റ്റിസ് ഗവായ് പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker