ന്യൂഡല്‍ഹി: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ കടുത്ത ആശങ്ക അറിയിച്ച് സുപ്രീം കോടതി. യുവതികളെ നഗ്‌നരാക്കി നടത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് കൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമര്‍ശനമുണ്ടായത്. പ്രചരിച്ച ദൃശ്യങ്ങള്‍ ഭരണഘടന സംവിധാനങ്ങളുടെ വീഴ്ച ആണെന്ന പരോക്ഷ വിമര്‍ശനവും ചീഫ് ജസ്റ്റിസ് നല്‍കി.
ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിക്ക് നടപടി എടുക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്നറിയിപ്പ് നല്‍കി.
വര്‍ഗീയ കലാപം നടക്കുന്ന സ്ഥലത്ത് സ്ത്രീയെ ഇരയാക്കി ലൈംഗീക അതിക്രമം നടത്തുന്നത് അനുവദിക്കാനാകില്ല. കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സര്‍ക്കാര്‍ എടുത്തുവെന്ന് ഒരാഴ്ചയ്ക്കകം കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.
സ്വമേധയ എടുത്ത കേസ് ജൂണ്‍ 28 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. അതിന് മുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണോ അതോ ഇതുപോലെ മാറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ആര്‍ക്ക് അറിയാമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
മെയ് നാലിന് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്‌നരാക്കി നടത്തി ചിത്രീകരിച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ സംഭവമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.