തിരുവനന്തപുരം: മാവേലി സ്റ്റോറുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം. അരി, ഉഴുന്ന്, പയര്‍, വെളിച്ചെണ്ണ, ശര്‍ക്കര, പച്ചരി തുടങ്ങിയ സാധനങ്ങളൊന്നും സര്‍ക്കാര്‍ ഔട്ട്ലെറ്റുകളില്‍ കിട്ടാനില്ല. ആകെയുള്ളത് സോപ്പ്, പേസ്റ്റ്, പൊടി ഉത്പന്നങ്ങള്‍ തുടങ്ങിയവ മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരെല്ലാം നിരാശരായി മടങ്ങി.
<p>സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റിലേക്ക് സാധനങ്ങള്‍ നല്‍കേണ്ടി വന്നതിനാലാണ് ഔട്ട്ലെറ്റുകള്‍ ശൂന്യമായതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സപ്ലൈകോയിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന കരാറുകാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കൃത്യമായി വിതരണം ചെയ്യാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സൂചനയുണ്ട്.</p>
<p>നേരത്തെ സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിലെ സാധനങ്ങള്‍ തീരുന്ന മുറയ്ക്ക് വാങ്ങി നല്‍കാന്‍ ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റി(ഡിഎംസി)ക്ക് അധികാരമുണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ഈ സംവിധാനം അവസാനിപ്പിക്കുകയും മുഴുവന്‍ വാങ്ങലുകളും എറണാകുളത്തെ കേന്ദ്ര ഓഫീസ് വഴി ആക്കുകയും ചെയ്തു.</p>
<p>കൊവിഡ് 19 ദുരിതകാലം തുടങ്ങിയതോടെ വീണ്ടും ചെറുകിട സാധനങ്ങള്‍ വാങ്ങാന്‍ ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റിക്ക് അധികാരം നല്‍കി. എന്നാല്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് എറണാകുളത്തെ ഓഫീസില്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ തുകയായിരിക്കണം എന്ന നിബന്ധനയിലാണ് അധികാരം നല്‍കിയത്.</p>
<p>തുക കുറച്ച് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കരാറുകാര്‍ തയാറല്ല. പൊതുവിപണിയില്‍ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതിനൊപ്പം സപ്ലൈകോയിലും ഭക്ഷ്യധാന്യങ്ങളുടെ വില കൂട്ടിയിട്ടുണ്ട്.</p>