തിരുവനന്തപുരം: ദാന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി ഇന്ത്യന്‍ തീരം തൊടും. ഒഡിഷയിലെ ബാലസോറിന് സമീപം ദമ്ര തുറമുഖത്തും, ബംഗാളിലെ സാഗർ ദ്വീപിലുമായാകും ചുഴലിക്കാറ്റ് തീരം തൊടുക. ഇതേ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് സംസ്ഥാനങ്ങളിലുമായി ചുഴലിക്കാറ്റ് ബാധിക്കുന്ന തീരപ്രദേശങ്ങളിൽ നിന്ന് 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വേഗത്തിലാകും ചുഴലിക്കാറ്റ് തീരം തൊടുക.
അതേസമയം, സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് ഇന്നലെ കനത്ത മഴയാണ് പെയ്തത്. വിതുര ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് വിതുര-പൊന്നാംചുണ്ട് പാലത്തിൽ വെള്ളം കയറി. കാട്ടാക്കടയിൽ കനത്ത മഴയിൽ വീടിനുള്ളിലേക്ക് വെള്ളമിരച്ചു കയറി. വിഴിഞ്ഞം തീരത്ത് കൗതുകമായി വാട്ടർ സ്പോട്ട് എന്ന കടൽ ചുഴലിക്കാറ്റ് പ്രതിഭാസം ഉണ്ടായി.