കോഴിക്കോട്: സൈബറാക്രമണത്തെ ചെറുക്കാന്‍ പോലീസ് നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് എഴുത്തുകാരനും പ്രാസംഗികനുമായ സുനില്‍ പി.ഇളയിടം. നിയമനിര്‍മാണം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തയും ഇല്ലാതാക്കുന്ന നിലയിലാകരുതെന്നും പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം 118 എയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ശബരിമല, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇടതുപക്ഷത്തിന് വേണ്ടി ശക്തമായ പ്രതിരോധം തീര്‍ത്തവരില്‍ മുന്നിലുണ്ടായിരുന്ന സുനില്‍ പി. ഇളയിടത്തിന്റെ ഈ വിമര്‍ശനം ഇപ്പോള്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി (118 എ) ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്ന ഒന്നാണ്. നിശ്ചയമായും ആളുകളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്., സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങള്‍ തടയേണ്ടത് അനിവാര്യവും അതിനായുള്ള നിയമനിര്‍മ്മാണം സ്വാഗതാര്‍ഹവുമാണ്.
എന്നാല്‍ , അതിനായുള്ള നടപടികള്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുത്. പുതിയ ഭേദഗതിയില്‍ അത്തരത്തില്‍ ദുരുപയോഗം ചെയ്യാവുന്നതും വിപരീതഫലം ഉളവാക്കാവുന്നതുമായ വ്യവസ്ഥകളുണ്ട്. അത് പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.