KeralaNews

സുജയ്യ പാര്‍വ്വതി 24 ല്‍ തിരിച്ചെത്തി,ഫലം കണ്ടത് ബി.ജെ.പി സമ്മര്‍ദ്ദമെന്ന് സംഘപരിവാര്‍ അനുകൂലികള്‍

കൊച്ചി:സംഘപരിവാര്‍ അനുകൂല നിലപാടിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തക സുജയ്യ പാര്‍വ്വതി 24 ന്യൂസില്‍ തിരിച്ചെത്തി. ഉച്ചയ്ക്ക് 2.30 ന്റെ ബുള്ളറ്റിന്‍ നായിച്ചുകൊണ്ടാണ് വീണ്ടും ചാനലിന്റെ അവതാരകയായത്. സംഘപരിവാറിനെ അനുകൂലിക്കുന്ന നിലപാടില്‍ അണുവിട മാറ്റം വരുത്തില്ല എന്നാണ് സസ്പെന്‍ഷന്‍ ഷോക്കോസ് നോട്ടീസിലും സുജയ വ്യക്തമാക്കിയത്. കാവി നിറമുള്ള വസ്ത്രം ധരിച്ചാണ് സുജയ 2.30 യുടെ ബുള്ളറ്റിന്‍ വായിച്ചതെന്ന കാര്യവും ശ്രദ്ധേയമാണെന്ന് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പറയുന്നു.

ഗോകുലം ഗോപാലന്റെ ഇടപെടൽ അടക്കം സുജയ പാർവ്വതിയെ തിരിച്ചെടുക്കുന്നതിൽ നിർണ്ണായകമായി. ബിഎംഎസും സംഘപരിവാറും നടത്തിയ ഇടപെടലുകളാണ് സുജയ്യയ്ക്ക് തുണയാകുന്നത്. ബിഎംഎസിന്റെ വനിതാ ദിന പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സുജയ്യയെ ട്വന്റി ഫോറിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഇതിന് പിന്നിൽ ചില ആഭ്യന്തര പരാതികൾ ഉയർത്തുകയും ചെയ്തു. കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ ആദ്യമായിട്ടാണ് പുറത്താക്കപ്പെട്ട ഒരാളെ തൊഴിലാളി സംഘടനയുടെ സമ്മർദ്ദത്തെതുടർന്ന് തിരിച്ചെടുക്കുന്നതെന്ന് ‘ജന്മഭൂമി’ എഴുതുന്നു.

‘ട്വന്റി ഫോർ ചാനൽ തുടങ്ങിയപ്പോൾ അത് സിപിഎമ്മിന് ഓശാന പാടുന്ന ചാനലാണെന്ന് നിങ്ങളിൽ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടാകും. ഇന്നതാണോ സ്ഥിതി. ഇന്ന് നരേന്ദ്ര മോദിയുടെ പ്രസംഗം തത്സമയം 24 കാണിക്കുന്നില്ലേ. ഒരു സ്ത്രീക്ക് മാറ്റം കൊണ്ടുവരാൻ കഴിയും . നിലപാടെടുക്കാൻ കരുത്തുണ്ടാകണം. ആ നിലപാടിലേക്ക് മറ്റുള്ളവരെ എത്തിക്കാൻ നമുക്ക് കഴിയണം. മാറ്റം കൊണ്ടുവരേണ്ടത് തൊഴിലിടത്തായാലും സമൂഹത്തിലായാലും നമ്മൾ തന്നെയാണ്. പക്ഷേ നമുക്കതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും’- വനിതാ ദിന പ്രസംഗത്തിലെ ഈ ഭാഗമാണ് വിവാദമായത്.

മോദിയുടെ ഒമ്പതുവർഷക്കാലത്തെ ഭരണം ഇന്ത്യയിൽ വലിയ സ്വാതന്ത്ര്യം കൊണ്ടുവന്നുവെന്ന് സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു.’ഇക്കഴിഞ്ഞ ഒമ്പത് വർഷം നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഒന്ന് തിരിഞ്ഞുനോക്കിയാൽ മതി.’- നരേന്ദ്ര മോദിയുടെ ഭരണത്തെ പുകഴ്‌ത്തി സുജയ പാർവ്വതി പറഞ്ഞു.

സിഐടിയു പോലെയും എഐടിയുസി പോലെയും ആദരിക്കപ്പെടേണ്ട സംഘടനയാണ് ബിഎംഎസ് എന്നും ഒരു പക്ഷെ അതിനേക്കാൾ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു. ഒരു ജേണലിസ്റ്റ് സാധാരണ ബിഎംഎസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുത്താൽ സംഘിയാണോ എന്ന ചോദ്യം ഉയരുമെന്നും സംഘി എന്ന് വിളിക്കുന്നതിൽ തനിക്ക് അഭിമാനമാണെന്നും സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു.

ഇടത് സർക്കാരിനെതിരെ ചെറിയ തോതിൽ വിമർശനവും പ്രസംഗത്തൽ ഉയർത്തിയിരുന്നു. സ്ത്രീകൾ കേരളത്തിൽ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും സ്ത്രീപീഡനക്കേസുകൾ കേരളത്തിൽ വർദ്ധിക്കുന്നതിനെ ക്കുറിച്ചും സുജയ സംസാരിച്ചിരുന്നതായി അറിയുന്നു.

റിപ്പോർട്ടർ ടിവി അടക്കം പുനരുജ്ജീവനത്തിന്റെ പാതയിലാണ്. കേരളത്തിലെ ചാനലുകളിൽ കൂടുമാറ്റക്കാലം. ഇത് മനസ്സിലാക്കി കൂടിയാണ് സുജയ്യയെ തിരിച്ചെടുത്തത്. ന്യൂസ് എഡിറ്ററായി തന്നെയാണ് സുജയ്യയെ തിരിച്ചെടുത്തത്. ആർ എസ് എസിന്റെ വിജയമാണ് സുജയ്യയെ തിരിച്ചെടുക്കുന്നതിൽ നിർണ്ണായകമായതെന്നാണ് വിലയിരുത്തൽ. നിരുപാധികമായാണ് തിരിച്ചെടുക്കൽ എന്നാണ് ലഭിക്കുന്ന സൂചന.

സുജയ പാർവതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിഎംഎസ് മാർച്ചും നടത്തി. സുജയയ്ക്ക് സോഷ്യൽ മീഡിയയിലും വലിയ പിന്തുണയാണ് സംഘപരിവാർ അണികളും ബിജെപി അനുഭാവികളും നൽകിയത്. സംഘ പരിവാർ വിരുദ്ധനായ ഒരാൾക്ക് 24 ന്യൂസിൽ ജോലി ചെയ്യാമെങ്കിൽ അനുകൂലിയായ ഒരാൾക്ക് അഥവാ എതിരല്ലാത്ത ഒരാൾക്ക് ആ അവകാശം നിഷേധിക്കുമ്പോൾ അതിനെ എങ്ങനെ നിഷ്പക്ഷമെന്ന് പറയാനാവും എന്നാതായിരുന്നു ചോദ്യം. ബിഎംഎസ് എന്നത് തൊഴിലാളി സംഘടനയാണ്. തൊഴിലാളി സംഘടനയുടെ യോഗത്തിൽ പലരും പങ്കെടുക്കാറുണ്ട്. അതിന്റെ പേരിൽ എങ്ങനെ സുജയയെ പുറത്താക്കിയെന്നാണ് ഉയർത്തുന്ന ചോദ്യം.

സുജയ പാർവ്വതിക്ക് സസ്‌പെൻഷൻ ഉത്തരവ് ഇമെയിലിലാണ് കിട്ടിയത്. 24 ന്യൂസിലെ ന്യൂസ് എഡിറ്ററായ സുജയ പാർവ്വതി സംഘപരിവാർ അനുകൂല പ്രസംഗം നടത്തിയത് ചാനലിനുള്ളിൽ വലിയ വിവാദമായിരുന്നു. എന്നാൽ മറ്റൊരു വിഷയം പറഞ്ഞായിരുന്നു സസ്‌പെൻഷൻ.

ട്വന്റി ഫോർ ന്യൂസിന്റെ ന്യൂസ് എഡിറ്റർ സുജയ പാർവതിയെ ചാനലിൽനിന്ന് സസ്പെൻഡ് ചെയ്തു എന്ന വാർത്ത ദേശാഭിമാനിയും നൽകിയിരുന്നു. വ്യാജ പീഡന പരാതി നൽകിയതിനാണ് നടപടിയെന്നാണ് ദേശാഭിമാനി പറഞ്ഞിരുന്നത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി അരവിന്ദിനെതിരെ പീഡന പരാതി നൽകിയതിന്മേൽ സ്ഥാപനം നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമെന്ന് കണ്ടെത്തുകയും സുജയക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നുവെന്നാണ് ദേശാഭിമാനി വിശദീകരിച്ചിരുന്നു. അർ എസ് എസിന്റെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്ത് താൻ സംഘിയെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ബിജെപിയുടെ യുവ എന്ന പരിപാടിയിലും സുജയ എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker