ജോലി നഷ്ടപ്പെട്ടു; അടഞ്ഞു കിടക്കുന്ന ഫാക്ടറിക്കുള്ളില്‍ മുന്‍ ജീവനക്കാരി തൂങ്ങി മരിച്ചു
നെടുമങ്ങാട്: തൊഴില്‍ നഷ്ടപ്പെട്ടതില്‍ മനംനൊന്ത് അടഞ്ഞു കിടക്കുന്ന കറി പൗഡര്‍ നിര്‍മാണ ഫാക്ടറിക്കുള്ളില്‍ മുന്‍ ജീവനക്കാരി തൂങ്ങിമരിച്ചു. നെടുമങ്ങാട് ചുള്ളിമാനൂര്‍ നിഖില നിവാസില്‍ കവിതയാണ് മരിച്ചത്. ഫാക്ടറി അടച്ചതോടെ ഇവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഏതാനും വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു പൊന്നൂസ് കറി പൗഡര്‍ നിര്‍മാണ ഫാക്ടറി. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് പിതാവിനെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കവിത പറഞ്ഞിരുന്നു. പിതാവും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് കവിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഫാക്ടറിയുടെ പിന്‍ഭാഗത്ത് കൂടിയാണ് അകത്തേക്ക് കടന്നതെന്നാണ് പോലീസ് പറയുന്നത്. ഏരൂര്‍ എസ്.എച്ച്.ഒ സുഭാഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.