തുടക്ക് താഴെ നിന്ന് മാംസം മുറിച്ച് മാറ്റി, എല്ലുകള്‍ ഒടിച്ച് മടക്കി, പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചു; സുചിത്രയെ പ്രശാന്ത് കൊന്നത് അതിക്രൂരമായി
പാലക്കാട്: സുചിത്ര പിള്ള കൊലപാതക കേസില്‍ പ്രതി പ്രശാന്തുമായി പോലീസ് തെളിവെടുപ്പ് നടത്തി. മൃതദേഹം മറവു ചെയ്യാന്‍ ഉപയോഗിച്ച മണ്‍വെട്ടി ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു. പ്രതി വാടകയ്ക്കു താമസിച്ചിരുന്ന മണലി ശ്രീരാം സ്ട്രീറ്റിലെ വീട്ടിലും പരിസരത്തുമായിരുന്നു തെളിവെടുപ്പ്. ഇവിടെ വച്ചാണ് പ്രശാന്ത് സുചിത്രയെ കൊലപ്പെടുത്തിയത്.
മാര്‍ച്ച് 20ന്, കേബിള്‍ കഴുത്തില്‍ മുറുക്കി സുചിത്രയെ കൊലപ്പെടുത്തിയെന്നാണു മൊഴി. തുടര്‍ന്നു കാലുകള്‍ മുറിച്ചുമാറ്റി തൊട്ടടുത്തുള്ള കാടുപിടിച്ച സ്ഥലത്തു കുഴിയെടുത്തു മൂടി. കുഴിയെടുക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കൈക്കോട്ട് പ്രതി താമസിച്ചിരുന്ന വീടിന്റെ 30 മീറ്റര്‍ മാറി ഒഴിഞ്ഞ സ്ഥലത്തെ കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തി. വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മുടി ഉള്‍പ്പെടെ കണ്ടെടുത്തു.
കാല്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച കത്തി ടെറസില്‍നിന്ന്, മൃതദേഹം കുഴിച്ചിട്ടതിന്റെ പരിസരത്തേക്കു വലിച്ചെറിഞ്ഞതായാണു പ്രതിയുടെ മൊഴി. തുടയ്ക്കു താഴെ കാലുകളില്‍നിന്നു മാംസം മുറിച്ചു മാറ്റി എല്ല് ഒടിച്ചു മടക്കുകയായിരുന്നു. ഇതിനായി ഉപയോഗിച്ച കത്തിക്കായി മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. ഇതിനായി വീണ്ടും പരിശോധന നടത്തും.
സുചിത്രയുടേതെന്നു സംശയിക്കുന്ന വള, മാല അടക്കമുള്ള ആഭരണങ്ങള്‍ പ്രതി താമസിച്ചിരുന്ന വീടിന്റെയും അയല്‍ വീടിന്റെയും മതിലിനിടയ്ക്കുള്ള വിടവില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു. മൃതദേഹം പെട്രോള്‍ ഉപയോഗിച്ചു കത്തിക്കാന്‍ ശ്രമിച്ചതിന്റെ തെളിവും ലഭിച്ചു.
കൊല്ലത്ത് നിന്നും പ്രശാന്തിന്റെ പപാലക്കാടുള്ള വാടക വീട്ടില്‍ സുചിത്രയെ എത്തിച്ച ആദ്യ ദിവസം സുചിത്രയോട് സ്നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച് അങ്ങോട്ട് വരുകയാണെന്ന് പറയാന്‍ ആവശ്യപ്പെടും ചെയ്തിരുന്നു. സുചിത്രയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷിക്കുന്ന ഘട്ടത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു ഇത്.
ഫോണ്‍ രേഖകളില്‍ മഹാരാഷ്ട്ര നമ്പര്‍ വന്നാല്‍ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ സുചിത്രയുടെ ഫോണ്‍ ഏതോ വണ്ടിയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. സുചിത്രയുടെ ഫോണ്‍ പ്രശാന്ത് തന്നെയാണ് മറ്റൊരിടത്ത് ഉപേക്ഷിച്ചത്. അതേസമയം, മൂന്ന് ലക്ഷം രൂപയോളം സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
പ്രതി പ്രശാന്ത് ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പം പാലക്കാട്ടെ വാടക വീട്ടിലായിരുന്നു താമസം. സ്‌കൂള്‍ അവധിയായതോടെ ഭാര്യയെ ഇയാള്‍ കൂമ്പായിക്കുളത്തെ വീട്ടിലാക്കിയിരുന്നു. തുടര്‍ന്നാണു സുചിത്രയുമായി പാലക്കാട്ടേക്കു പോയത്. അതേസമയം, കൊലപാതകത്തിന്റെ ചുരുളഴിയാന്‍ വഴിത്തിരിവായതു മകളെ കണ്ടെത്തണമെന്നു സുചിത്രയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയായിരുന്നു.
എറണാകുളത്ത് കോഴ്സിനു പോകുന്നെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ സുചിത്ര അടുത്ത രണ്ടുദിവസം വീട്ടിലേക്കു വിളിച്ചിരുന്നു. പിന്നീട് വിവരം ഇല്ലാതായതോടെ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ അമ്മ വിളിച്ചപ്പോള്‍ ഭര്‍ത്താവിന്റെ അച്ഛനു സുഖമില്ലാത്തതിനാല്‍ ആലപ്പുഴയ്ക്കു പോകുന്നെന്നും 5 ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞിരുന്നതായി അറിഞ്ഞു. ഇതോടെയാണ് കൊട്ടിയം പോലീസില്‍ പരാതി നല്‍കിയത്. കാര്യമായ അന്വേഷണം നടക്കാതിരുന്നതിനാല്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നമല്‍കി. തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ച് ഹര്‍ജി നല്‍കുകയായിരുന്നു.
20ന് രാത്രി ഏഴുമണിയോടെയാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തന്റെ അടുത്ത കിടന്ന് ഉറങ്ങുകയായിരുന്ന സുചിത്രയെ എമര്‍ജന്‍സി ലാമ്ബിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം സുചിത്രയുടെ അച്ഛന്റെ ഫോണ്‍ എത്തിയെങ്കിലും പ്രശാന്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി. കാലില്‍ ചവിട്ടിപ്പിടിച്ച് കഴുത്തു മുറുക്കി മരണം ഉറപ്പാക്കിയശേഷം മൃതശരീരം ബെഡ്ഷീറ്റ്കൊണ്ട് പുതപ്പിച്ചു. ഈ മൃതശരീരത്തെ കെട്ടിപിടിച്ചു അന്ന് രാത്രി പ്രശാന്ത് ഉറങ്ങുകയും ചെയ്തു.
ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് അടുപ്പം സ്ഥാപിച്ചത്. നടുവിലക്കര ശ്രീവിഹാറില്‍ റിട്ട. ബി.എസ്.എന്‍.എല്‍. എന്‍ജിനീയര്‍ ശിവദാസന്‍ പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകമകളായ സുചിത്ര രണ്ടുതവണ വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്.