24.6 C
Kottayam
Sunday, May 19, 2024

suchana seth CEO:സൂചന സേഥിന്റെ ഭര്‍ത്താവ് മലയാളി; വിവാഹമോചനം അവസാനഘട്ടത്തില്‍;  നാലുവയസുകാരന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Must read

ബംഗളൂരു: ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനെ കൊന്ന് ബാഗിലാക്കിയ യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് പൊലീസ്. ഇവരുടെ വിവാഹമോചന നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത്   ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ കൊലപാതകത്തിന്റെ പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ താമസിക്കുന്ന യുവതി പശ്ചിമംബംഗാള്‍ സ്വദേശിയാണ്. സൂചനയുടെ ഭര്‍ത്താവ് മലയാളിയാണെന്നും പൊലീസ് പറഞ്ഞു. 

മൈന്‍ഡ്ഫുള്‍ എഐ ലാബ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ ആയ സൂചന സേത്ത് നാലു വയസുള്ള മകനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്കു പോകുന്നതിനിടെയാണ് അറസ്റ്റിലായത്. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് സുചന കുഞ്ഞിനെ കൊലപ്പെടുത്തിയത്. മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

കേസ് അന്വേഷണ സംഘം ഇപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് ഉള്ളതെന്ന് പൊലീസ് സൂപ്രണ്ട് നിധിന്‍ വല്‍സന്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ടോടെ പ്രതിയെ ഗോവയിലെത്തിക്കുമെന്നും പ്രതിക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും എസ്പി അറിയിച്ചു.

പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമെ കൊലപാതകത്തിന്റെ കാരണം വ്യക്തമാകുകയുളളു. യുവതിയുമായി വേര്‍പിരിഞ്ഞുകഴിയുന്ന ഭര്‍ത്താവ് ജക്കാര്‍ത്തയിലാണ് ഉള്ളതെന്നും വിവരം അദ്ദേഹത്തെ അറിയിച്ചതായും എസ്പി പറഞ്ഞു. കൊല ചെയ്ത ശേഷം കുട്ടിയുടെ മൃതദേഹം ബാഗില്‍ കുത്തിനിറയ്ക്കുകയായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ മരണകാരണ വ്യക്തമാകുകയുള്ളുവെന്നും എസ്പി പറഞ്ഞു. 

ശനിയാഴ്ച കുഞ്ഞിനൊപ്പം അപ്പാര്‍ട്ട്മെന്റിലെത്തിയ സുചന തിങ്കളാഴ്ച രാവിലെ മടങ്ങുമ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. ബംഗളൂരുവിലേക്ക് അത്യാവശ്യമായി പോകാന്‍ ടാക്സി വേണമെന്ന് അവര്‍ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവില്‍ വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്സി വേണമെന്ന് അവര്‍ വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് ടാക്സിയില്‍ ബാഗുമായി അവര്‍ ബംഗളൂരുവിലേക്കു പുറപ്പെട്ടു. ഇതിനു പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരന്‍ മുറിയില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് റിസപ്ഷനിസ്റ്റിനെ വിവരം അറിയിച്ചു. 

ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. പോകുമ്പോള്‍ കുഞ്ഞ് സുചനയ്ക്ക് ഒപ്പമുണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു. പൊലീസ് ഹോട്ടലിലെ സിസിടിവി പരിശോധിക്കുകയും ചെയ്തു. 

പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പമാണെന്ന പറഞ്ഞ സുചന, തെറ്റായ വിലാസം നല്‍കുകയും ചെയ്തു. സംശയം തോന്നിയ പൊലീസ് ടാക്സി ഡ്രൈവറെ വിളിച്ച് കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. ചിത്രദുര്‍ഗ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week