വളര്‍ത്തു പൂച്ചകളിലും പട്ടികളിലും കൊവിഡ് ബാധ സാധാരണ; പഠനം
ആംസ്റ്റര്‍ഡം: വളര്‍ത്തു പൂച്ചകളിലും പട്ടികളിലും കൊവിഡ് ബാധ സാധാരണമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ഉടമകള്‍ക്ക് കൊവിഡ് ബാധിക്കുമ്പോള്‍ വളര്‍ത്തുമൃഗങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെയേറെയാണ്. എന്നാല്‍, അധികം വളര്‍ത്തുമൃഗങ്ങളും രോഗലക്ഷണങ്ങള്‍ കാണിക്കാറില്ലെന്നും ചിലതിന് നേരിയ ലക്ഷണങ്ങള്‍ മാത്രമേയുണ്ടാകൂവെന്നും നെതര്‍ലാന്‍ഡ്സിലെ യൂട്രെക്ട് സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു.
196 വീടുകളില്‍ നിന്നായി 310 വളര്‍ത്തുമൃഗങ്ങളില്‍ ഇവര്‍ പഠനം നടത്തിയിരുന്നു. പി.സി.ആര്‍ പരിശോധനയില്‍ ആറ് പൂച്ചകളും ഏഴ് പട്ടികളും പോസിറ്റീവ് ഫലമാണ് നല്‍കിയത്. ആന്റിബോഡി പരിശോധനയില്‍ 54 വളര്‍ത്തുമൃഗങ്ങളാണ് പോസിറ്റീവ് ഫലം നല്‍കിയത്.
കോവിഡ് ബാധിതരാണെങ്കില്‍ വീട്ടിലെ മറ്റുള്ളവരുമായി അകലം പാലിക്കുന്നത് പോലെ വളര്‍ത്തുമൃഗങ്ങളുമായും അകലം പാലിക്കണമെന്ന് സര്‍വകലാശാലയിലെ ഡോ. എല്‍സ് ബ്രോയെന്‍സ് പറയുന്നു. മൃഗങ്ങളുടെ ആരോഗ്യത്തേക്കാള്‍ ശ്രദ്ധിക്കേണ്ടത് ഇവ വൈറസ് വാഹകരായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന കാര്യത്തിലാണ്.
വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് ഉടമയിലേക്ക് വൈറസ് പകര്‍ന്ന സംഭവങ്ങള്‍ക്ക് തെളിവില്ലെന്നും ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ തന്നെ കണ്ടെത്തുക പ്രയാസമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 200 ദിവസമെടുത്ത് നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് സര്‍വകലാശാല നല്‍കിയത്. പരിശോധിച്ചവയില്‍ 4.2 ശതമാനം മൃഗങ്ങളും കോവിഡ് ബാധിതരായിരുന്നു. 17.4 ശതമാനം മൃഗങ്ങളില്‍ ആന്റിബോഡി പരിശോധന പോസിറ്റീവായിരുന്നു. ഇവയ്ക്ക് കോവിഡ് വന്നു ഭേദമായെന്നാണ് കണക്കാക്കുന്നത്.
വളര്‍ത്തുമൃഗങ്ങള്‍ക്ക് കോവിഡ് വരുന്നത് മനുഷ്യനെ ബാധിക്കില്ലെന്ന് തീര്‍ത്തുപറയാന്‍ സാധിക്കില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തില്‍ അത്തരം പകര്‍ച്ച കണ്ടെത്താന്‍ സാധിക്കുന്നില്ല.
കാനഡയിലെ ഓണ്ടാരിയോ സര്‍വകലാശാല നടത്തിയ പഠനത്തിലും സമാന ഫലമാണ് ലഭിച്ചത്. ഇവര്‍ പരിശോധിച്ച 67 ശതമാനം വളര്‍ത്തുപൂച്ചകളിലും 43 ശതമാനം വളര്‍ത്തുപട്ടികളിലും പോസിറ്റീവ് ഫലമാണ് ലഭിച്ചത്. അതേസമയം, പ്രദേശത്തെ മൃഗശാലയിലെ ഒമ്ബത് ശതമാനം പൂച്ചകള്‍ക്കും പട്ടികള്‍ക്കും മാത്രമാണ് വൈറസ് ബാധ. തെരുവുപട്ടികളില്‍ മൂന്ന് ശതമാനത്തില്‍ മാത്രമാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. മറ്റ് മൃഗങ്ങളേക്കാള്‍ കൂടുതല്‍ രോഗ സാധ്യത വളര്‍ത്തുമൃഗങ്ങള്‍ക്കുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.