കൊച്ചി:ഓറഞ്ചിന് നിരവധി ആരോഗ്യഗുണങ്ങളുള്ളതായി നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കുമറിയാം. വിറ്റാമിന്‍ സിയുടെ മികച്ച കലവറയാണ് ഓറഞ്ച്. ആന്റി ഓക്‌സിഡന്റുകളുടേയും നല്ലൊരു സ്രോതസാണ്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോധപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനുമെല്ലാം ഇത് ഗുണം ചെയ്യും. എന്നാല്‍ ഓറഞ്ചിന്റെ തൊലിയുടെ ഗുണങ്ങളെക്കുറിച്ച് അറിയാമോ?. വലിച്ചെറിയുന്ന ഓറഞ്ച് തൊലിയ്ക്ക് ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവ അറിഞ്ഞിരിക്കാം.
ഓറഞ്ചിനേക്കാള്‍ മൂന്നു മടങ്ങ് വിറ്റാമിന്‍ സി പ്രദാനം ചെയ്യാന്‍ ഒരു സ്പൂണ്‍ തൊലിയ്ക്ക് കഴിയും. ഹെല്‍ത്ത്‌ലൈനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നത്. ഫൈബറിനാലും ഇവ സമ്പന്നമാണ്.അതേപോലെ ഈ തൊലി ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുവെന്ന് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. ചില കുടല്‍ ബാക്ടീരിയ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകും.
ഭക്ഷണത്തിന്റെ ദഹന സമയത്ത്, ഗട്ട് ബാക്ടീരിയ ട്രൈമെത്തിലാമൈന്‍ എന്‍-ഓക്‌സൈഡ് ഉത്പാദിപ്പിക്കുന്നു. ഭാവിയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാന്‍ ഇതിന്റെ അളവ് കാരണമാകും. എന്നാല്‍ പുതിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഓറഞ്ച് തൊലിയിലെ ഫൈറ്റോകെമിക്കലുകള്‍ ട്രൈമെത്തിലാമൈൻ എൻ -ഓക്സൈഡിന്‍റെ ഉത്പാദനം കുറയ്ക്കാന്‍ ഗുണം ചെയ്യും. അത്തരത്തിലാണ് ഓറഞ്ചിന്റെ തൊലി ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഉപകരിക്കുന്നത്.
ഓറഞ്ച് തൊലി ഇങ്ങനെ ഉപയോഗിക്കാം
നന്നായി കഴുകി വൃത്തിയാക്കിശേഷം ഓറഞ്ചിന്റെ തൊലി സ്മൂത്തിയിലോ സാലഡിലോ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ കട്ടന്‍ ചായ തയ്യാറാക്കുമ്പോഴും ഓറഞ്ചിന്റെ തൊലി പൊടിച്ചത് ചേര്‍ക്കാം. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചും സാലഡുകളില്‍ ഉപയോഗിക്കാം.