FeaturedHome-bannerKeralaNews

വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചു,കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എതിരെ പരാതി

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ കോളേജിൽ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. സംഭവത്തിൽ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചു. 

പരാതി കൊടുത്ത കുട്ടിയുടെ പിതാവിൻ്റെ വാക്കുകൾ –

എൻ്റെ മൂത്തമകൾ നീറ്റ് പരീക്ഷ എഴുതി ഇപ്പോൾ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുമായാണ് ഇന്നലെ നീറ്റ് പരീക്ഷയ്ക്ക് പോയത്. ഇതിന് മുൻപും നീറ്റ് പരീക്ഷകൾക്ക് പോയി പരിചയമുണ്ട്. എൻ്റെ ഭാര്യ ഹയര്‍ സെക്കണ്ടറി അധ്യാപികയാണ്. അവര്‍ക്ക് പരീക്ഷാ പ്രോട്ടോകോളിന് പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ചും സാധനങ്ങൾ എടുത്തുമാണ് ഞങ്ങൾ മകളേയും കൊണ്ട് പരീക്ഷയ്ക്ക് പോയത്. 

എന്നാൽ അവിടെ വച്ച് അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം ഊരിച്ചത്. മകളുടെ മാത്രമല്ല അവിടെ എത്തിയ 90 ശതമാനം പെണ്‍കുട്ടികളുടേയും അടിവസ്ത്രം ഊരിവയ്പ്പിച്ചാണ് അവര്‍ പരീക്ഷ എഴുതിപ്പിച്ചത്. ഈ സംഭവം കാരണം മാനസികമായി തകര്‍ന്നുവെന്നും നല്ല രീതിയിൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നും ആണ് മകൾ പറഞ്ഞത്. ഇങ്ങനെയൊരു നിര്‍ദേശം കൊടുത്തത് ആരാണ് എന്നറിയില്ല. കോളേജ് അധികൃതര്‍ക്ക് ഇതിൽ പങ്കില്ലെന്നും ചടയമംഗലത്തെ ഒരു ഏജൻസിയാണ് ആണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും എന്നുമാണ് പൊലീസ് എന്നെ അറിയിച്ചത്. 

ഞാൻ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ കേരളത്തിലോ അല്ലെങ്കിൽ രാജ്യത്ത് എവിടെയെങ്കിലുമോ ഇങ്ങനെയൊരു അപമാനം പെണ്‍കുട്ടികൾക്ക് നേരിടേണ്ടി വന്നിട്ടില്ല. ഏതു സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. എൻ്റെ മകൾക്ക് ഉണ്ടായ ദുരനുഭവം കൊണ്ട് മാത്രമല്ല. നാളെ മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാവാൻ പാടില്ല എന്ന നിര്‍ബന്ധം കൊണ്ടാണ് ഞാനിപ്പോൾ പരാതിയുമായി മുന്നോട്ട് പോകുന്നത്. വളരെ കഷ്ടപ്പെട്ട് ആണ് എൻ്റെ മകൾ ഈ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തത്. എന്നാൽ അവളിപ്പോഴും ഈ സംഭവത്തിൻ്റെ ആഘാതത്തിൽ നിന്നും മുക്തയായിട്ടില്ല. അപമാനിക്കപ്പെടുകയും പരീക്ഷ വേണ്ട രീതിയിൽ എഴുതാൻ പറ്റാതെ പോയതിൻ്റേയും സങ്കടത്തിൽ ആകെ തകര്‍ന്നിരിക്കുകയാണ് അവൾ. 

മെഡിക്കൽ, ഡെൻറൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്നലെയാണ് നടന്നത്. രാജ്യവ്യാപകമായി നടന്ന പരീക്ഷയിൽ 18 ലക്ഷം വിദ്യാർഥികളാണ് പങ്കെടുത്തത്.  കേരളത്തിലെ 16 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 

ഉച്ചയ്ക്ക് രണ്ടുമണിക്ക്  തുടങ്ങിയ പരീക്ഷ വൈകിട്ട് 5.20ന് അവസാനിച്ചു.  ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വിദ്യാർഥികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിച്ച് തുടങ്ങിയത്. മൊബൈൽ അടക്കമുളള ഇലക്ട്രോണിക് ഉപകരണങ്ങൾ , ആഭരണങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.  ഗൾഫ് മഖലയിലും ഇത്തവണ പരീക്ഷാ സെന്‍ററുകൾ ഉണ്ടായിരുന്നു. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങളെ തുടര്‍ന്ന് കര്‍ശന പരിശോധനയാണ് സമീപവര്‍ഷങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker