രാത്രി വൈകി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞു; കോട്ടയത്ത് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥി പാറക്കുളത്തില്‍ മരിച്ച നിലയില്‍
കോട്ടയം: രാത്രി വൈകി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പാറക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കൊടിത്താനം കടമാന്‍ചിറ കാവാലം പുതുപ്പറമ്പില്‍ രാജേഷ് മാത്യുവിന്റെ മകന്‍ ജെറോം മാത്യു വര്‍ഗീസാ(16)ണു മരിച്ചത്. ഞായറാഴ്ച രാത്രിയോടെ കാണാതായ ജെറോമിനെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിനു വീടിനു സമീപമുള്ള കടമാന്‍ചിറ പാറക്കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചങ്ങനാശേരി ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ് മോര്‍ട്ടം നടത്തും. ചങ്ങനാശേരി എസ്.ബി. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണു ജെറോം. മാതാവ്: പ്രിന്‍സി, സഹോദരന്‍: ജോയല്‍ മാത്യു വര്‍ഗീസ്.