
ഒറ്റപ്പാലം: സ്വകാര്യ ഐ.ടി.ഐ.യിൽ സഹപാഠിയുടെ മർദനമേറ്റ വിദ്യാർഥിക്ക് ഗുരുതരപരിക്ക്. ഷൊർണൂർ കുളങ്ങരപ്പറമ്പിൽ കെ.ജെ. സാജനാണ് (20) മൂക്കിന് ഗുരുതര പരിക്കേറ്റത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സാജന് മൂക്കിന് രണ്ടുശസ്ത്രക്രിയ നടത്തി. സംഭവത്തിൽ പാലപ്പുറം സ്വദേശി കിഷോറിനെതിരേ കേസെടുത്തതായി ഒറ്റപ്പാലം പോലീസ് അറിയിച്ചു.
ഫെബ്രുവരി 19-ന് രാവിലെ പത്തോടെ ഒറ്റപ്പാലത്തെ സ്വകാര്യ ഐ.ടി.ഐ.യിലെ ക്ലാസ് മുറിയിലാണ് സംഭവം. ഓട്ടോമൊബൈൽ എൻജിനിയറിങ് ഒന്നാംവർഷ വിദ്യാർഥികളാണ് ഇരുവരും. ബെഞ്ചിൽ ഇരിക്കുകയായിരുന്ന സാജന്റെ ദേഹത്ത് കിഷോർ പിടിക്കുകയും ഇത് എതിർത്തപ്പോൾ പരസ്പരം ഉന്തുംതള്ളും ഉണ്ടാവുകയുമായിരുന്നു.
തുടർന്ന് മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്നാണ് പരാതി. വിവരമറിഞ്ഞ് സാജന്റെ അച്ഛന്റെ സുഹൃത്ത് എത്തിയാണ് വിദ്യാർഥിയെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമാണെന്നുകണ്ട് തൃശ്ശൂരിലെ ആശുപത്രിയിലേക്കു മാറ്റി.