KeralaNews

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി;വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും

തിരുവനന്തപുരം: പൊതു ഇടത്തിൽ മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ നീക്കം. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനം. ആമയിഴഞ്ചാൻ തോടിലെ അപകടത്തിന് പിന്നാലെ തലസ്ഥാനത്തെ മാലിന്യ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.

ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കമ്പിവേലി സ്ഥാപിക്കും. രണ്ട് കിലോമീറ്റർ ദൂരത്തിലാണ് കമ്പിവേലി സ്ഥാപിക്കുന്നത്. ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിന് സ്ഥിരം സംവിധാനമുണ്ടാക്കും. സബ് കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. റെയിൽവേ ഭൂമിയിലെ മാലിന്യം റെയിൽവേ നീക്കം ചെയ്യാനും തീരുമാനമായി.

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് യോ​ഗം തീരുമാനം. ഇതിന്റെ ഭാഗമായാണ് മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ നീക്കം നടക്കുന്നത്. പൊലീസിന്റെയും കോർപ്പറേഷന്റെയും നിരീക്ഷണ സംവിധാനം കർശനമാക്കും. അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും.

റെയിൽവേ ഭൂമിയിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുമെന്ന് യോഗത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചു. ജോയിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് റെയിൽവെയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മേലധികാരികളുമായി സംസാരിച്ച ശേഷം മറുപടി നൽകാമെന്ന് ഡിആർഎം അറിയിച്ചു.

ഇതിനിടെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാന്‍ തയ്യാറാകാത്ത വീടുകള്‍ക്ക് അടിയന്തരമായി പിഴ നോട്ടീസ് നൽകാൻ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചു. മാലിന്യ നിർമാർജ്ജനം 100 ശതമാനത്തിലെത്തിയാല്‍ മാത്രമേ നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാനാകൂവെന്നാണ് നഗരസഭയുടെ കണ്ടെത്തൽ.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് 2024 മാര്‍ച്ച് മുതല്‍ ജൂലൈ 15 വരെ 14.99 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. 312 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജൂണില്‍ 4.57 ലക്ഷവും ജൂലൈയില്‍ 4.97 ലക്ഷം രൂപ പിഴയും ഈടാക്കി. പല തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നത് 82 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കാന്‍ കഴിയുന്നത്.

ഇത് 100 ശതമാനത്തിലെത്തിയാല്‍ മാത്രമേ നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാനാകൂവെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. ഹരിതകര്‍മ്മസേനയുമായി സഹകരിക്കാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങള്‍ നല്‍കാതിരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കേരളാ മുനിസിപ്പാലിറ്റി നിയമപ്രകാരം സ്വീകരിക്കരിക്കാൻ കഴിയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker