KeralaNewsNews

വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പ് പോലെ വെള്ളാർമല സ്കൂളിലെ മൂന്നാം ക്ലാസുകാരിയുടെ കഥ

കൽപ്പറ്റ: വയനാട് മുണ്ടെക്കൈയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടെ വൈറലായി വെള്ളാർമല സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനിലെ കഥയിലെ പരാമർശം. വെള്ളാർമല സ്കൂൾ കെട്ടിടം പ്രതിരോധം സൃഷ്ടിച്ചത് മൂലം ഇവിടെ രക്ഷപ്പെട്ടത് നിരവധിപ്പേരാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. വെള്ളാർമല സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വെള്ളാരങ്കല്ലുകൾ എന്ന ഡിജിറ്റൽ മാഗസിനിലാണ് അപ്രതീക്ഷിത പരാമർശമുള്ളത്. 

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ തന്മയ ജനീഷിന്റെ എന്റെ പുഴയെന്ന കഥയിലാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ പരാമർശമുള്ളത്. മഴയായതിനാൽ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തിൽ ഇറങ്ങേണ്ട എന്ന് അവർ തീരുമാനിച്ചു. അങ്ങനെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്പോഴാണ് ഒരു കിളി അവിടേക്ക് വന്നത്. ആ കിളി ഒരു വിചിത്രമായിരുന്നു. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോട് പറഞ്ഞു. നിങ്ങൾ ഇവിടെ നിന്ന് വേഗം രക്ഷപ്പെട്ടോ കുട്ടികളെ. ഇവിടെ വലിയൊരു ആപത്തു വരാൻ പോകുന്നു. നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ വേഗം ഇവിടെ നിന്ന് ഓടി പൊയ്ക്കോളൂ. എന്ന് പറഞ്ഞിട്ട് ആ കിളി അവിടെ നിന്ന് പറന്ന് പോയി. കിളി പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലെങ്കിലും അവിടെ നിന്ന് കുട്ടികൾ ഓടാൻ തുടങ്ങി. 

വെള്ളച്ചാട്ടത്തിൽപ്പെട്ട് മരിച്ച ഒരു പെൺകുട്ടിയാണ് കിളിയായി വന്ന് മുന്നറിയിപ്പ് നൽകിയതെന്ന് കവിതയുടെ അവസാന ഭാഗം വിശദമാക്കുന്നുണ്ട്. കൈറ്റ് സിഇഒ ആയ കെ അൻവർ സാദത്ത് ആണ് ഈ അപ്രതീക്ഷിത ആകസ്മികതയേക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിശദമാക്കിയിട്ടുള്ളത്. 

അതേസമയം ഉരുൾപൊട്ടൽ ദുരന്തത്തിൽ തക‍ർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിശദമാക്കി. അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി എടുക്കും. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിർമ്മിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തും. സ്‌കൂളിന് ചുറ്റുമത്തിലും പണിയും. ബജറ്റിൽ  ഒരു ജില്ലയിൽ ഒരു മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂൾ വെള്ളാർമല സ്കൂൾ ആയിരിക്കുമെന്നും മന്ത്രി വിശദമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker