വധുവിന്റെ വീട്ടിലേയ്ക്ക് കുതിരപ്പുറത്തെത്തി; ദളിത് കുടുംബത്തിന്റെ വിവാഹ പന്തലിലേയ്ക്ക് കല്ലെറിഞ്ഞ് സവര്‍ണര്‍
ജയ്പൂര്‍: വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്ത് കയറി പോയതിന് ദളിത് കുടുംബത്തിന്റെ കല്യാണ ചടങ്ങിനിടെ കല്ലെറിഞ്ഞ് സവര്‍ണരുടെ പ്രതികാരം. ജയ്പൂരിലെ പാവ്ത ഗ്രാമത്തിലാണ് സംഭവം.വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്തായിരുന്നു വരന്‍ എത്തിയത്. ഇതില്‍ രോഷം പൂണ്ടാണ് കല്യാണ ചടങ്ങ് നടക്കുന്നതിനിടെ കല്ലെറ് നടത്തിയത്.
പോലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണമെന്ന് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ‘ദളിതര്‍ വിവാഹത്തിന് കുതിരപ്പുറത്ത് വരുന്നത് ഞങ്ങളുടെ ഗ്രാമത്തില്‍ സാധാരണയായി ഉണ്ടാകാറില്ല. വിവേചനപരമായ ഈ ശീലം മാറ്റണമെന്ന് എനിക്ക് തോന്നി. എന്നാല്‍ ഞങ്ങളുടെ ഗ്രാമത്തിലെ രജ്പുത് സമുദായാംഗങ്ങള്‍ ഇതിനെ എതിര്‍ത്തു,’ വധുവിന്റെ പിതാവ ഹരിപാല്‍ ബാലൈ പറയുന്നു.
വിവാഹ ദിവസം രാവിലെ പ്രാദേശിക രാഷ്ട്രീയക്കാരും പോലീസുദ്യോഗസ്ഥരും രാവിലെ തന്റെ വീട്ടിലെത്തിയിരുന്നെന്നും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നെന്നും ബാലൈ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വരന്‍ പന്തലിലേക്ക് കയറിയ ഉടനെ കല്ലേറ് തുടങ്ങിയെന്നും കുടുംബാംഗങ്ങള്‍ക്ക് സാരമായ പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു.
കല്ലെറിഞ്ഞവര്‍ തന്റെ അയല്‍വാസികളായ രജ്പുതുകാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദളിതര്‍ കുതിരപ്പുറത്ത് വരുന്നത് സവര്‍ണര്‍ക്ക് സഹിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.