കൊച്ചി: തിരുവനന്തപുരത്തെ തീയേറ്ററിൽ ധനുഷ് ചിത്രം ‘രായൻ’ പകർത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശി പിടിയിൽ. പുതിയ ചിത്രങ്ങൾ റിലീസ് ദിവസംതന്നെ പകർത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന കണ്ണികളിൽപ്പെട്ട തമിഴ്നാട് സ്വദേശി സ്റ്റീഫൻ രാജ് ആണ് പിടിയിലായത്.
തീയേറ്ററിലെ ഏറ്റവും പുറകിലെ സീറ്റിലിരുന്ന് മൊബൈൽ ഫോണിന്റെ ബ്രൈറ്റ്നസ് കുറച്ച് സീറ്റിലെ കപ്പ് ഹോൾഡറിൽ മൊബൈൽ ഫോൺവെച്ചാണ് സിനിമ പകർത്തിയിരുന്നത്. തമിഴ് റോക്കേഴ്സ്, തമിഴ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയ സൈറ്റുകൾക്കാണ് ഇയാൾ പുതിയ ചിത്രങ്ങൾ റെക്കോഡ് ചെയ്ത് അയച്ചിരുന്നത്. നിർമാതാവ് സുപ്രിയ മേനോന്റെ പരാതിയിൽ കാക്കനാട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
‘ഗുരുവായൂരമ്പലനടയില്‍’ എന്ന ചിത്രം റിലീസ് ചെയ്ത് രണ്ടാംദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനിലിരുന്ന് ചിലര്‍ മൊബൈല്‍ഫോണില്‍ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ നിര്‍മാതാക്കളിലൊരാളായ സുപ്രിയ മേനോനാണ് കാക്കനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തെ തീയേറ്ററിൽനിന്ന് രണ്ടുപേര്‍ പോലീസ് പിടിയിലായത്.
എന്നാൽ, കൂടെയുണ്ടായിരുന്നയാൾ നിരപരാധിയാണെന്നും പുതിയ സിനിമ കാണിക്കാം, നല്ല തീയേറ്റർ ആണെന്ന് പറഞ്ഞ് പ്രതി കൂട്ടിക്കൊണ്ടുവരുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
പുതിയ സിനിമയുടെ റിലീസ് ദിനംതന്നെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തി മൊബൈലിൽ പകർത്തിയാണ് വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന ചാനലുകൾക്ക് അയച്ചിരുന്നത്. ഇയാളുടെ പിന്നിൽ പ്രവർത്തിക്കുന്നവർ ആരൊക്കെയാണെന്നുള്ള കാര്യങ്ങൾ കണ്ടുപിടിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാൾ ആർക്കൊക്കെയാണ് സിനിമ അയക്കുന്നത്, ആരാണ് വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്യുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. പ്രതി അറസ്റ്റിലായതോടെ അന്വേഷണം കൂടുതൽ വിപുലമാക്കുകയാണെന്നും സൈബർ പോലീസ് ഇൻസ്പെക്ടർ പറഞ്ഞു.
സുപ്രിയ മേനോന്റെ പരാതിക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തെ തീയേറ്ററിൽനിന്നാണ് ചിത്രം പകർത്തിയിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസിലാവുകയായിരുന്നു. പിന്നീട് തീയേറ്റർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽനിന്ന് ഒരാൾ സ്ഥിരമായി ഈ തീയേറ്ററിലേക്ക് സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ ആറോ ഏഴോ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഇയാളുടെ മൊബൈൽഫോൺ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് വ്യക്തമായി. ഇയാളെ നിരന്തരം നിരീക്ഷിച്ചുവരുന്നതിനിടെയാണ് ‘രായൻ’ കാണാൻ ഇയാൾ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് വഞ്ചിയൂർ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നെന്ന് കാക്കനാട് സൈബർസെൽ പോലീസ് ഇൻസ്പെക്ടർ എ ജയകുമാർ പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ കൽക്കിയടക്കം അഞ്ചോളം സിനിമകൾ റിലീസ് ചെയ്ത അന്നുതന്നെ റെക്കോഡ് ചെയ്ത് അയച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രമല്ല മറ്റ് സ്ഥലങ്ങളിൽനിന്നും സമാനമായ രീതിയിൽ ഇയാൾ സിനിമ പകർത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്തു.
പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരം വ്യാജപതിപ്പ് ഇറക്കുന്നവർക്ക് മൂന്നു മാസം മുതൽ മൂന്നുവർഷം വരെ തടവും മൂന്നുലക്ഷംവരെയോ ഓഡിറ്റ് ചെയ്ത മൊത്തം ഉത്‌പാദനച്ചെലവിന്റെ അഞ്ചുശതമാനംവരെയോ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. വ്യാജപ്പതിപ്പുകൾ സിനിമാവ്യവസായത്തിന് വർഷം 20,000 കോടി രൂപ നഷ്ടമുണ്ടാക്കുന്നതായാണ് കണക്ക്.