‘ഭൂമി തീഗോളമായി ചാമ്പലാകും’ ലോകാവസാനം തൊട്ടരികെ! സ്റ്റീഫന്‍ ഹോക്കിങിന്റെ പ്രവചനം; പ്രതികരണവുമായി നാസ
കാലിഫോര്‍ണിയ: ഭൂമിയുടെ അന്ത്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നമുക്ക് ചുറ്റും ഒട്ടും പഞ്ഞമില്ല. ഭൂമി പെടുന്നനെ ഇല്ലാതായി തീരുമെന്നത് മുതല്‍ മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലോകാവസാനം എന്നുവരെയുള്ള അനേകം സിദ്ധാന്തരങ്ങള്‍ നമ്മള്‍ കേട്ട് തഴമ്പിച്ചതായിരിക്കും.
നമ്മുടെ കാലത്തെ ഏറ്റവും മഹാനായ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് തന്‍റെ പ്രവചനങ്ങളില്‍ ഭൂമിയുടെ അവസാനത്തെ കുറിച്ച് ചില സൂചനകള്‍ നല്‍കിയിരുന്നു. ഇതിനെ കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ തുടക്കമായിരിക്കുകയാണ് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മരണത്തിന് തൊട്ടുമുമ്പ് 2018ല്‍ ദി സെര്‍ച്ച് ഫോര്‍ ന്യൂ എര്‍ത്ത് എന്ന ഡോക്യുമെന്‍ററിയിലായിരുന്നു ഭൂമിയുടെ അവസാനത്തെ കുറിച്ചുള്ള തന്‍റെ പ്രവചനങ്ങള്‍ സ്റ്റീഫന്‍ ഹോക്കിങ് പങ്കുവെച്ചത്. 2600-ാം വര്‍ഷത്തെ കുറിച്ചായിരുന്നു ഹോക്കിങിന്‍റെ അവിശ്വസനീയ വാക്കുകള്‍.
മനുഷ്യന്‍ ഭൂമിയെ ഉപയോഗിക്കുന്നതില്‍ കാതലായ മാറ്റങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ ഭൂമിയൊരു ഭീമാകാരന്‍ തീഗോളമായി മാറും എന്നായിരുന്നു സ്റ്റീഫന്‍ ഹോക്കിങിന്റെ പ്രവചനം. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ഹരിതഗ്രഹ വാതകങ്ങള്‍ എന്നിവയെല്ലാം ഭൂമിയുടെ നാശത്തിന് വഴിവെക്കും എന്ന് അദേഹം മുന്നറിയിപ്പ് നല്‍കി.
ഭൂമിയില്‍ മനുഷ്യന്‍റെ സുസ്ഥിരമല്ലാത്ത ഊർജ്ജ ഉപഭോഗത്തിന്‍റെയും അമിത ജനസംഖ്യയുടെയും അപകടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് സ്റ്റീഫന്‍ ഹോക്കിങ് ഈ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്. അതിവേഗം വളരുന്ന ജനസംഖ്യ ഭൂമിയെ അസഹനീയവും ചുട്ടുപൊള്ളുന്നതുമായ ഗ്രഹവും വാസയോഗ്യമല്ലാതാക്കി മാറ്റുകയും ചെയ്യുമെന്നും ഹോക്കിങ് നിരീക്ഷിച്ചു.
എന്നാല്‍ ഭൂമിയിലെ കാലാവസ്ഥാ മാറ്റങ്ങളെയും ഭൂഉപഭോഗത്തിലെ ആശങ്കകളെയും കുറിച്ചുള്ള സ്റ്റീഫന്‍ ഹോക്കിങിന്‍റെ മുന്നറിയിപ്പുകള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മുഖവിലയ്ക്കെടുക്കുന്നുവെങ്കിലും ഭൂമിയുടെ അവസാനത്തെ കുറിച്ചുള്ള അദേഹത്തിന്‍റെ പ്രവചനത്തെ പിന്തുണയ്ക്കുന്നില്ല.
കഴിഞ്ഞ 50 വര്‍ഷത്തിലധികമായി നാസ ഭൂമിയെ കുറിച്ച് പഠിക്കുന്നു. എന്നാല്‍ ഭൂമി 2600ല്‍ അവസാനിക്കുമെന്ന് പറയാന്‍ ഞങ്ങള്‍ തയ്യാറല്ല എന്നുമാണ് നാസ വക്താവിന്‍റെ പ്രതികരണം. സ്റ്റീഫന്‍ ഹോക്കിങ് മുന്നോട്ടുവെച്ച ചില ആശങ്കകളെ മുഖവിലയ്ക്കെടുക്കുന്ന നാസ ഭൂമിയുടെ ഭാവിക്ക് ഭീഷണിയാവുന്ന പ്രശ്നങ്ങളെ നേരിടാനുള്ള പഠനങ്ങളുമായി മുന്നോട്ടുപോകും എന്നാണ് വ്യക്തമാക്കുന്നത്.