അമ്പലത്തില്‍ പോകാന്‍ അനുവാദമില്ല, വിശ്വാസിയായത് അച്ഛനും അമ്മയും അറിയാതെ: ശ്രുതി ഹാസന്‍
ചെന്നൈ:അച്ഛന്റേയും അമ്മയുടേയും പാതയിലൂടെയാണ് ശ്രുതി ഹാസന്‍ സിനിമയിലെത്തിയത്. ബോളിവുഡിലൂടെയായിരുന്നു ശ്രുതി ഹാസന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തുകയായിരുന്നു. അഭിനയത്തിന് പുറമെ സംഗീതത്തിലും നൃത്തത്തിലുമെല്ലാം ശ്രുതി ഹാസന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് ശ്രുതി ഹാസന്‍.
അഭിനയത്തിന് പുറമെ തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലൂടേയും ശ്രുതി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തീര്‍ത്തും വ്യത്യസ്തമായൊരു താരജീവിതമാണ് ശ്രുതി ഹാസന്‍ നയിക്കുന്നത്. പരമ്പരാഗത താര സങ്കല്‍പ്പങ്ങളെയെല്ലാം തച്ചുടച്ചാണ് താരം മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ തന്റെ ഭക്തിയെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശ്രുതി ഹാസന്‍.
വിശ്വാസമാണ് തന്റെ ജീവിതത്തിലെ കരുത്തിന്റെ ഉറവിടമെന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്. എന്നാല്‍ തന്റെ മനസില്‍ ഭക്തിയുണ്ടാകുന്നത് മാതാപിതാക്കള്‍ മൂലമല്ലെന്നാണ് ശ്രുതി പറയുന്നത്. വളരെ വോക്കല്‍ ആയ നിരീശ്വരവാദിയാണ് കമല്‍ ഹാസന്‍. അമ്മ സരിഗയും ഈശ്വര വിശ്വാസിയല്ല. താന്‍ ആത്മീയതയിലേക്ക് എത്തിയത് സ്വയം ആണെന്നാണ് ശ്രുതി പറയുന്നത്. ഇന്ന് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് വിശ്വാസമെന്നും താരം പറയുന്നു.
”ദൈവം ആണ് എന്റെ വിശ്വാസം. എന്റെ വീട് നിരീശ്വരവാദികളുടേതാണ്. അമ്മയ്ക്ക് ആത്മീയതയുണ്ട്. അച്ഛന് ഒന്നുമില്ല. അതിനാല്‍ കുട്ടിക്കാലത്ത് ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ സ്വയമാണ് ദൈവത്തെ കണ്ടെത്തുന്നത്. ദൈവത്തിന്റെ ശക്തിയാല്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. ജീവിതത്തിലെ പല ഘട്ടങ്ങളിലും ദൈവമാണ് എന്നെ മുന്നോട്ട് നയിച്ചത്” ശ്രുതി പറയുന്നു. അച്ഛനും അമ്മയും അറിയാതെ ഒളിച്ചാണ് താന്‍ വിശ്വാസത്തെ ചേര്‍ത്തുപിടിച്ചതെന്നാണ് താരം പറയുന്നത്.
”ഞങ്ങളുടെ കോളനിയില്‍ ഞാന്‍ സൈക്കിള്‍ ഓടിച്ച് നടന്നിരുന്നൊരു ലൈനുണ്ട്. പ്രധാന ഗേറ്റിന് അടുത്തൂടെ പോകാന്‍ പാടില്ലെന്നാണ് എന്നോട് പറഞ്ഞത്. എന്തുകൊണ്ടോ രാവിലെ അതേ സമയത്ത് ഞആന്‍ അമ്പലത്തില്‍ നിന്നും പള്ളിയില്‍ നിന്നുമുള്ള മണിയടികളും പ്രാര്‍ത്ഥനകളും കേള്‍ക്കുമായിരുന്നു. ആദ്യം എവിടെ എത്തുന്നുവോ അവിടെ കയറുകയും ചെയ്യുമായിരുന്നു. അമ്പലം എന്റെ വീട്ടില്‍ നിന്നും ഒരുപാട് അകലെയായിരുന്നു. പള്ളിയില്‍ ആഴ്ചയില്‍ ഒരു ദിവസം പോകുമായിരുന്നു. അഞ്ചാറ് മാസത്തേക്ക് വീട്ടിലെ ആര്‍ക്കും അറിയില്ലായിരുന്നു. കുട്ടികളോട് എന്തെങ്കിലും ചെയ്യരുതെന്ന് പറഞ്ഞാല്‍ അതേ ചെയ്യുകയുള്ളൂ. എന്റെ കാര്യത്തില്‍ അത് മതമായിരുന്നു’ താരം പറയുന്നു.
താന്‍ ആദ്യമായി അമ്പലത്തില്‍ പോയതിന്റെ ഓര്‍മ്മയും ശ്രുതി പങ്കുവെക്കുന്നുണ്ട്. ”ഞാന്‍ ആദ്യമായി അമ്പലത്തില്‍ പോകുന്നത് മുത്തച്ഛന്റെ കൂടെ ചെന്നൈയിലാണ്. എന്നെ അമ്പലത്തില്‍ കൊണ്ടു വന്ന കാര്യം അച്ഛനോട് പറയരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു പോയി. മുത്തച്ഛനുമായുള്ള ആ ബന്ധമാണ് എന്നെ ആത്മീയതയിലേക്ക് നയിച്ചത്.” എന്നും ശ്രുതി ഹാസന്‍ പറയുന്നുണ്ട്.
ലക്ക് ആയിരുന്നു ശ്രുതി ഹാസന്റെ ആദ്യ സിനിമ. പക്ഷെ സിനിമ വിജയിച്ചില്ല. എങ്കിലും ശ്രുതി ഹാസന്റെ കരിയര്‍ പച്ച പിടിച്ചു. പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം തിരക്കുള്ള നായികയായി ശ്രുതി മാറി. ത്രീ, ഗബ്ബര്‍ സിംഗ്, രാമയ്യ വാസ്തവയ്യ, യേവഡു, വേദാളം, തുടങ്ങി നിരവധി സിനിമകളില്‍ ശ്രുതി അഭിനയിച്ച് കയ്യടി നേടി. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് സംഗീതവുമായി ലോകം ചുറ്റുകയും ചെയ്തിരുന്നു ശ്രുതി ഹാസന്‍. സലാര്‍ ആണ് ശ്രുതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.