ചെന്നൈ:കൊവിഡ് വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . ഈ കാലത്തും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന ഒരു കാര്യം സെലിബ്രിറ്റികളുടെ അവധിക്കാല യാത്രകളും അതിന്റെ ചിത്രങ്ങളുമായിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള താരങ്ങളാണ് വിദേശ രാജ്യങ്ങളിലടക്കം പോയി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെത്തിയത്.
അതേസമയം, ലോകം മുഴുവന്‍ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് ഇത്തരം ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത് അത്ര ശരിയായ കാര്യമായി തോന്നുന്നില്ലെന്ന് പറയുകയാണ് നടിയും ഗായികയുമായ ശ്രുതി ഹാസന്‍. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ശ്രുതി ഇത്തരമൊരു അഭിപ്രായം തുറന്നുപറഞ്ഞിരിക്കുന്നത്.
‘ഒരു ‘സ്വിമ്മിംഗ് പൂളില്‍ മാസ്‌കില്ലാതെ പോകാനുള്ള സമയമാണിതെന്ന്’ എനിക്ക് വ്യക്തിപരമായി തോന്നുന്നില്ല. എല്ലാവര്‍ക്കും ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സമയമാണിത്, ചിലര്‍ക്ക് അതികഠിനമായ നിലയിലാണ് കാര്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്.
അതുകൊണ്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രിവിലേജിന് നന്ദിയുള്ളവരായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അല്ലാതെ മറ്റുള്ളവരുടെ മുന്‍പില്‍ പ്രിവിലേജ് എടുത്തു വീശി കാണിക്കുകയല്ല വേണ്ടത്. ഇതാണ് എനിക്ക് തോന്നുന്നത്.’ ശ്രുതി പറഞ്ഞു.
ലൈവ് സംഗീത പരിപാടികള്‍ നടത്താന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും ശ്രുതി ഹാസന്‍ പറഞ്ഞു. സംഭാഷണത്തിനിടയിൽ അച്ഛന്‍ കമല്‍ ഹാസന്റെ രാഷ്ട്രീയവും വിഷയമായി. അച്ഛന് വേണ്ടി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നുമാണ് അതിൽ നടി പറഞ്ഞ അഭിപ്രായം.