ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു, കലാപം തുടരുന്നു
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. ട്വിറ്റർ വഴിയാണ് പ്രഖ്യാപനം. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുമെന്നും അതിനായി താൻ രാജിവെക്കുന്നു എന്നുമാണ് റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്.
സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതുമുട്ടിയ രാജ്യത്ത് ഇന്ന് ജനകീയ കലാപം നടന്നിരുന്നു. ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. നാലേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന പ്രെസിഡെന്റ്സ് പാലസ് പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ ദേശീയ പതാക ഉയർത്തി.
പൗരാവകാശ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും ഇന്ന് കൊളംബോയിൽ പ്രതിഷേധ ദിനം ആഹ്വാനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തിൽ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി ജനങ്ങൾ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു. സമരക്കാർ എത്തുന്നത് തടയാൻ പൊതുഗതാഗത സർവീസുകളിൽ ചിലത് നിർത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല. ഇരച്ചെത്തിയ പ്രക്ഷോഭകർ ഗോത്തബയ രജപക്സെ അധികാരമൊഴിയുക എന്ന മുദ്രാവാക്യവുമായി പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങി. സൈന്യം റബർ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാൻ ശ്രമിച്ചത് വിഫലമായി.
അൻപതോളം പേർക്ക് പരിക്കേറ്റു. ചിലയിടങ്ങളിൽ സൈന്യവും പോലീസും ജനങ്ങൾക്കൊപ്പം പ്രക്ഷോഭത്തിൽ അണിചേർന്നു. ഗേറ്റും വാതിലും തകർത്ത സമരക്കാർ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കയറി. പിന്നെ ലോകം കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. പ്രസിന്റിന്റെ ഔദ്യോഗിക വസതിയിലെ നീന്തൽ കുളത്തിലും മുറികളിലും അടുക്കളയിലും വരെ ജനങ്ങൾ തോന്നിയതൊക്കെ ചെയ്തു കൂട്ടി.
സമരക്കാർ എത്തുന്നതിനും മണിക്കൂറുകൾക്കു മുൻപുതന്നെ പ്രസിഡന്റ് ഗോത്തബയ രജപക്സെ അംഗരക്ഷകരുടെ കാവലിൽ ഔദ്യോഗിക വസതി വിട്ടിരുന്നു. ലങ്കൻ നാവിക സേനയുടെ ഒരു കപ്പൽ ചില ബാഗുകൾ കയറ്റി അതിവേഗം കൊളംബോ തീരം വിട്ട ദൃശ്യങ്ങൾ പുറത്തുവന്നു. ആരാണ് ഈ കപ്പലിൽ രാജ്യം വിട്ടത് എന്ന് വ്യക്തമല്ല. ഈ കപ്പലിൽ ആണ് ഗോത്തബയ ഉള്ളതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.