ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ, മാധ്യമ പ്രവർത്തകനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് നടപടി പിൻവലിച്ചത്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്. ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ആറുമാസം പിന്നിട്ട കാരണം കാണിച്ചാണ് പുതിയ നീക്കം.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു. ഈ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ വരാനിരിക്കുമ്പോളാണ് പെട്ടെന്നുള്ള ശുപാര്‍ശ.
പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസം കഴിഞ്ഞതിനാലും ശ്രീറാമിന് സസ്‌പെന്‍ഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.
2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്.
അന്നു സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ പൊലീസ് ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ചട്ടപ്രകാരം സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ സാധിക്കുമായിരുന്നില്ല.
എന്നാല്‍, അപകടം നടക്കുമ്പോള്‍ താനല്ല ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് നല്‍കിയിരുന്ന വിശദീകരണം