KeralaNews

ഇന്ത്യയ്ക്ക് എതിരെ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം;പരമ്പര നഷ്ടം

കൊളംബോ: പരമ്പര കൈവിടാതിരിക്കാന്‍ ഇന്ന് ഇന്ത്യക്ക് ജയിക്കണമായിരുന്നു. പക്ഷേ, ആ നിശ്ചയദാര്‍ഢ്യത്തോടെ കളിക്കാന്‍ ഇന്ത്യന്‍ ടീമില്‍ ആരുമുണ്ടായില്ല. ഫലത്തില്‍ ശ്രീലങ്കയോട് നാണംകെട്ട തോല്‍വിയേറ്റുവാങ്ങേണ്ടിവന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 138 റണ്‍സിന് പുറത്ത്. നാലുവിക്കറ്റ് വീത്തിയ ദുനിത് വെല്ലലഗെയും 96 റണ്‍സ് നേടിയ അവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ശ്രീലങ്കയുടെ തുറുപ്പുചീട്ടുകളായി പ്രവര്‍ത്തിച്ചത്.

ആദ്യ മത്സരം സമനിലയിലും രണ്ടാംമത്സരം ശ്രീലങ്കയുടെ ജയത്തിലും കലാശിച്ചിരുന്നു. ഇതോടെ പരിശീലക ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഏകദിന പരമ്പരതന്നെ ജയിച്ചുതുടങ്ങുക എന്ന ഗൗതം ഗംഭീറിന്റെ ആഗ്രഹം പാഴായി. പിന്നെയുണ്ടായിരുന്നത് ഇന്ന് ജയിച്ച് ഒപ്പത്തിനൊപ്പം എന്ന നിലയില്‍ പരമ്പര അവസാനിപ്പിക്കുക എന്നതായിരുന്നു. ആ പ്രതീക്ഷയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് നിറവേറ്റാനാവാതെ വന്നതോടെ ഗംഭീറിന് തോല്‍വിയോടെ തുടങ്ങേണ്ട സ്ഥിതി വന്നു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രോഹിത് ശര്‍മയുടെ ഓപ്പണിങ് മികവ് ഇന്ത്യയെ ഏറക്കുറെ തുണച്ചതാണ്. ബുധനാഴ്ച രോഹിത് ആര്‍ജിച്ച മികവ് അത്രത്തോളമുണ്ടായിരുന്നില്ല. അതിന്റെ ഫലം കാണാനുമായി. എന്നിരുന്നാലും രോഹിത് തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 20 പന്തില്‍ ഒരു സിക്‌സും ആറ് ഫോറുകളുമായി സ്വതസിദ്ധമായ ശൈലിയില്‍ ഓപ്പണ്‍ ചെയ്ത് 35 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്.

14 പന്തില്‍ ആറ് റണ്‍സ് മാത്രം നേടി അഞ്ചാം ഓവറില്‍ത്തന്നെ ശുഭ്മാന്‍ ഗില്‍ മടങ്ങിയതാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് ആദ്യമേറ്റ പ്രഹരം. എട്ടാം ഓവറില്‍ രോഹിത്തും പത്താം ഓവറില്‍ ഋഷഭ് പന്തും (6) 11-ാം ഓവറില്‍ വിരാട് കോലിയും (20) 13-ാം ഓവറില്‍ അക്ഷര്‍ പട്ടേല്‍ (2), ശ്രേയസ് അയ്യര്‍ (8) എന്നിവരും മടങ്ങിയതോടെത്തന്നെ ഇന്ത്യയുടെ കഥ ഏതാണ്ട് കഴിഞ്ഞു.

16-ാം ഓവറില്‍ റിയാന്‍ പരാഗും (15) പുറത്തായി. പരാഗ് ഇന്ത്യക്കായി ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകള്‍ പിഴുതിരുന്നു. 18-ാം ഓവറില്‍ ശിവം ദുബെയും (9) തകര്‍ന്നതോടെ ഇന്ത്യ എട്ട് വിക്കറ്റിന് 101 എന്ന നിലയിലായി. തുടര്‍ന്ന് ഒന്‍പതാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദര്‍ (18 പന്തില്‍ 30) നിര്‍ഭയമായി ബാറ്റുവീശുന്നതാണ് കണ്ടത്. കുല്‍ദീപ് യാദവായിരുന്നു മറുപുറത്ത് കൂട്ട്. ഓപ്പണിങ് കൂട്ടുകെട്ടും ഒന്‍പതാം വിക്കറ്റിലെ ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും ദീര്‍ഘമുള്ള ഇന്നിങ്‌സ് കളിച്ചത്. രണ്ടിലും ലഭിച്ചത് 37 റണ്‍സ്. കുല്‍ദീപ് പന്തുകളെ പ്രതിരോധിച്ച് മുന്നോട്ടുനീങ്ങിയപ്പോള്‍ സുന്ദര്‍ സുന്ദരമായിത്തന്നെ ബാറ്റുവീശിക്കളിച്ചു.

പക്ഷേ, ആ രക്ഷാപ്രവര്‍ത്തന ശ്രമത്തിനും ആയുസ്സ് അധികമുണ്ടായില്ല. 26-ാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച് സുന്ദറും മടങ്ങി. അപ്പോഴേക്കും ടീം സ്‌കോര്‍ ശ്രീലങ്ക നേടിയതിന്റെ പകുതി പിന്നിട്ടിരുന്നു എന്ന ആശ്വാസം ബാക്കി. തുടര്‍ന്നെത്തിയ സിറാജ് വന്നപാടെത്തന്നെ മടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 138-ല്‍ അവസാനിച്ചു. ശ്രീലങ്കയ്ക്ക് 110 റണ്‍സിന്റെ വിജയവും 2-0 പരമ്പരയും.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി. സെഞ്ചുറിക്ക് നാല് റണ്‍സകലെ പുറത്തായ (102 പന്തില്‍ 96 റണ്‍സ്) ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയുടെ കിടിലന്‍ പ്രകടനമാണ് ശ്രീലങ്കയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. വിക്കറ്റ് കീപ്പര്‍ കുഷാല്‍ മെന്‍ഡിസിന്റെ (82 പന്തില്‍ 59) പ്രകടനവും ശ്രീലങ്കയ്ക്ക് തുണയായി. ഇന്ത്യക്കായി റിയാന്‍ പരാഗ് മൂന്ന് വിക്കറ്റുകള്‍ നേടി.

മികച്ച തുടക്കമായിരുന്നു ശ്രീലങ്കയുടേത്. 20-ാം ഓവറിലാണ് ആദ്യ വിക്കറ്റ് വീഴുന്നത്. ഓപ്പണര്‍ പത്തും നിസ്സങ്കയെ (45) മടക്കി അക്ഷര്‍ പട്ടേല്‍ വേട്ടയ്ക്ക് തുടക്കമിട്ടു. തുടര്‍ന്ന് ഫെര്‍ണാണ്ടോയും കുഷാല്‍ മെന്‍ഡിസും ഒന്നിച്ചു. ഇരുവരും 82 റണ്‍സിന്റെ കൂട്ടുകെട്ട് നടത്തി. 35-ാം ഓവറില്‍ ടീം സ്‌കോര്‍ 171-ല്‍ നില്‍ക്കേ, ശ്രീലങ്കയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമാവുന്നു. 96-ല്‍ നില്‍ക്കേ അവിഷ്‌ക ഫെര്‍ണാണ്ടോയെ വിക്കറ്റിനു മുന്നില്‍ കുരുക്കി റിയാന്‍ പരാഗാണ് അപകടമൊഴിവാക്കിയത്.

പിന്നീട് കൂട്ടത്തകര്‍ച്ചയായിരുന്നു. 16 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ കളഞ്ഞു ശ്രീലങ്ക. ക്യാപ്റ്റന്‍ ചരിത് അസലങ്ക (10), സദീര സമരവിക്രമ (0), ജനിത് ലിയനാഗെ (8), ദുനിത് വെല്ലലഗെ (2) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ വാലറ്റത്ത് കമിന്ദു മെന്‍ഡിസ് (19 പന്തില്‍ 23) തരക്കേടില്ലാത്ത പ്രകടനം നടത്തിയത് ലങ്കയ്ക്ക് ആശ്വാസമേകി. മഹീഷ് തീക്ഷണയാണ് (3) ഓവര്‍ കഴിയുമ്പോള്‍ മെന്‍ഡിസിനൊപ്പമുണ്ടായിരുന്ന ക്രീസിലെ കൂട്ട്. ഇന്ത്യക്കായി കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഒന്‍പതോവറില്‍ 54 റണ്‍സ് വഴങ്ങിയാണ് പരാഗ് മൂന്ന് വിക്കറ്റുകള്‍ നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker