ശ്രീറാം അപകട സമയത്ത് മദ്യപിച്ചിരിന്നു; പുതിയ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരന്‍ ബെന്‍സണ്‍ എന്ന യുവാവാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തോടാണ് ബെന്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തിന് തൊട്ടുപിന്നാലെ ശ്രീറാം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ പോലീസ് ഭയഭക്തി ബഹുമാനത്തോടെയാണ് പെരുമാറിയതെന്ന് യുവാവ് വ്യക്തമാക്കുന്നു.
ബെന്‍സന്റെ മുന്നിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ബഷീറിനെ ഇടിച്ച് വീഴ്ത്തിയത്. അപകട സ്ഥലത്തെത്തിയ പോലീസ് ആദ്യം ശ്രീറാമിനോട് ദേഷ്യപ്പെട്ടു. പക്ഷെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ സാഹചര്യം മാറി. ഇതോടെയാണ് ശ്രീറാം ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങുന്നത് കണ്ടിട്ടും ആരാണ് വാഹനമോടിച്ചതെന്ന് അറിയില്ലെന്ന് പോലീസ് വ്യക്തമാക്കിയതെന്നും ബെന്‍സണ്‍ വ്യക്തമാക്കി.