CrimeKeralaNews

ശ്രീനിവാസൻ വധം:പ്രതികൾ സുബൈറിൻ്റെ പോസ്റ്റ്മോർട്ടം സമയത്ത് ആശുപത്രിയിൽ, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളിൽ (Palakkad murders) നിർണായക തെളിവ് പൊലീസിന്. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ (Sreenivasan murder) കൊലയാളികൾ ആദ്യം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ (Subair murder) പോസ്റ്റുമോർട്ടം സമയത്ത് ആശുപത്രിയിൽ എത്തിയതിന്റെ തെളിവ് ലഭിച്ചു. ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 15 ആം തിയ്യതിയാണ് സുബൈർ കൊല്ലപ്പെടുന്നത്. 16 ാം തിയ്യതി രാവിലെയാണ് പോസ്റ്റ്മോർട്ടം നടന്നത്. ഈ സമയത്ത് രാവിലെ ഒമ്പത് മണിയോടെയാണ് പ്രതികൾ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്. അതേ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം ഉണ്ടായത്. ആശുപത്രിയിൽ നിന്നാണ് പ്രതികൾ ശ്രീനിവാസനെ കൊലപ്പെടുത്താനായി പോയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൂർണമായും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ അവരുടെ മൊബൈൽ ഫോണുകൾ പലയിടത്തായി ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

അതിനിടെ ശ്രീനിവാസൻ കൊലപാതകത്തിൽ പൊലീസിനെതിരെ ബിജെപി രംഗത്തെത്തി. അന്വേഷണം തൃപ്തികരമല്ലെന്നും ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളെ പിടിക്കുന്നതിൽ പൊലീസ് അനാസ്ഥയുണ്ടെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ആരോപിച്ചു. കൊലപാതകത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോൾ ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആർഎസ്എസ്, ബി ജെ പി പ്രവർത്തകരായ രമേശ്, അറുമുഖൻ, ശരവണൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇവരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക. കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവർ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആർ എസ് എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ളപ്രതികാരമാണ് സുബൈർ വധത്തിനുപിന്നിലെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. കേസിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ നിർണായക വിവരങ്ങൾ ചോദ്യംചെയ്യലിൽ ലഭിച്ചുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button