KeralaNews

സഖാവ് പിണറായി വിജയന്‍ ഒരു ഗംഭീര പുതുവത്സര സമ്മാനം നല്‍കിയിട്ടുണ്ട്; ശ്രീജ നെയ്യാറ്റിന്‍കര

തിരുവനന്തപുരം: ഐ.ജി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി പൊതു പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. പാലത്തായി പീഡന കേസുമായി ബന്ധപ്പെട്ട് ഏറെ ആരോപണങ്ങള്‍ നേരിട്ട പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഐജി എസ് ശ്രീജിത്ത്. ആഭ്യന്തര മന്ത്രി കൂടിയായ സഖാവ് പിണറായി വിജയന്‍ ഒരു ഗംഭീര പുതുവത്സര സമ്മാനം നല്‍കിയിട്ടുണ്ടെന്ന് ശ്രീജ ഫേസ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു.

ശ്രീജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആഭ്യന്തര മന്ത്രി കൂടെയായ സഖാവ് പിണറായി വിജയന്‍ ഒരു ഗംഭീര പുതുവത്സര സമ്മാനം നല്‍കിയിട്ടുണ്ട് കേരളത്തിന്. കേരളത്തിലെ പ്രമാദമായ പാലത്തായി പോക്സോ കേസ് അട്ടിമറിച്ച ഐ ജി ശ്രീജിത്തെന്ന ക്രിമിനലിനെ എ ഡി ജി പിയാക്കി സ്ഥാനക്കയറ്റം നല്‍കി ക്രൈം ബ്രാഞ്ചിന്റെ മേധാവിയാക്കി അവരോധിച്ചിട്ടുണ്ട്….

പോക്സോ കേസ് അട്ടിമറിച്ച് പ്രതിയായ സംഘ് പരിവാറുകാരന്‍ പദ്മരാജന് ജാമ്യം നേടിക്കൊടുക്കുക മാത്രമല്ല ശ്രീജിത്ത് ചെയ്തത് തന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന കേസിലെ വാദിയായ പത്തുവയസുകാരി പെണ്‍കുട്ടിയെ പൊതുസമൂഹത്തിനു മുന്നില്‍ അപമാനിക്കുകയും അവളുടെ വിശ്വാസ മൊഴിയടക്കം പരസ്യപ്പെടുത്തുകയും ചെയ്തു … അതിന്റെ പേരില്‍ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പോലീസ് ഓഫീസറാണ് അയാള്‍… മാത്രമല്ല വളരെ മോശം ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഒരാള്‍ കൂടെയാണ് ശ്രീജിത്ത് ഐ പി എസ്…

അങ്ങനെയുള്ള ഒരാളെ ക്രൈംബ്രാഞ്ച് പോലുള്ള ഒരു സുപ്രധാന അന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നതിലൂടെ എന്താണ് പിണറായി വിജയന്‍ ലക്ഷ്യം വയ്ക്കുന്നത് ….?

ലോക് ഡൗണ്‍ കാലത്ത് കേരളത്തിലെ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ച് കേരളത്തിലെ നീതിബോധമുള്ള മനുഷ്യരൊന്നാകെ ഏറ്റെടുത്ത ഉപവാസ സമരം നടന്നത് ഐ ജി ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ടും അയാളെ പാലത്തായി കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റണം എന്നാവശ്യപ്പെട്ടുമാണ്…നിരവധി പേരുടെ എണ്ണിയാല്‍ തീരാത്തത്ര പരാതികള്‍ മുഖ്യമന്ത്രിയുടെ മെയിലിലേക്ക് ചെന്നതും മേല്പറഞ്ഞ അതേ ആവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു… ഒന്നിനും പുല്ലുവില കല്പിച്ചില്ല ഭരണകൂടം… ഒടുവില്‍ പാലത്തായി കേസിലെ കുഞ്ഞിന്റെ മാതാവ് ഹൈക്കോടതിയെ അഭയം പ്രാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ശ്രീജിത്ത് പാലത്തായി കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് തെറിക്കുന്നത്…. അന്ന് കോടതിയില്‍ ശ്രീജിത്തിന് വേണ്ടി വാദിക്കാതെ മൗനം പാലിച്ച പ്രോസിക്യൂഷനെ കണ്ടപ്പോള്‍ വലിയ ആശ്വാസം തോന്നിയിരുന്നു പക്ഷേ ആ മൗനം ശ്രീജിത്തിന് ഗംഭീരമായ പുതുവത്സര സമ്മാനം കരുതി വച്ചിട്ടായിരുന്നു എന്നറിഞ്ഞില്ല …

അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി കേരളത്തിലെ നീതിബോധമുള്ള മനുഷ്യരോട് നടത്തിയ വെല്ലുവിളി തന്നല്ലേ ശ്രീജിത്തിന് നല്‍കിയ സ്ഥാനക്കയറ്റം?. നാഴികയ്ക്ക് നാല്പതു വട്ടം സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സുരക്ഷയെ കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രി പോക്സോ കേസുകള്‍ പോലും അട്ടിമറിക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി പരവതാനി വിരിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമല്ലാതെ മറ്റെന്താണ്…?

ഒരു പത്തു വയസുകാരിയോടെങ്കിലും നീതി കാണിക്കാമായിരുന്നു സഖാവേ…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker