ചരിത്ര നിമിഷം! ശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍
കോഴിക്കോട്: ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് സ്വന്തമാക്കി ചരിത്രത്തിലിടം നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍. കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി നിയമിതയായ ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും. വയനാട്ടില്‍ പൊഴുതന ഇടിയം വയല്‍ സ്വദേശിയായ ശ്രീധന്യ പട്ടിക വര്‍ഗവിഭാഗത്തിലെ കുറിച്യ സമുദായാംഗമാണ്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടിയാണ് ശ്രീധന്യചരിത്രവിജയം നേടിയത്. തരിയോട് നിര്‍മല ഹൈസ്‌കുളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സുവോളജിയില്‍ ബിരുദാനന്തര ബിരുദധാരിയായ ശ്രീധന്യ 2016ലാണ് അദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. തരിയോട് നിര്‍മ്മല സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നാണ് എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കിയത്. കുറഞ്ഞ മാര്‍ക്കിന അദ്യ പരീക്ഷയില്‍ അവസരം നഷ്ടപ്പെട്ട ശ്രീധന്യ ഉറച്ച നിശ്ചയദാര്‍ണ്ഡ്യത്തോടെ പരിശീലനം തുടര്‍ന്നു.
2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്റ്ററായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളാണ് മനസില്‍ ഉണ്ടായിരുന്ന സ്പാര്‍ക്ക് വീണ്ടും ആളിക്കത്തിച്ചത്. അടിസ്ഥാനപരമായ പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്ന വിശ്വസമാണ് ശ്രീധന്യക്കുണ്ടായിരുന്നത്.
സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ കേരള പോലീസില്‍ കോണ്‍സ്റ്റബിളായി ലഭിച്ചിരുന്ന ജോലി ശ്രീധന്യ വേണ്ടെന്നുവച്ചിരുന്നു. അച്ഛന്‍ സുരേഷും അമ്മ കമലയും കൂലിപ്പണിക്കാരാണ്. ഇവര്‍ക്ക് മകളെ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂന് പറഞ്ഞയക്കാനുള്ള പണം പോലും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കളില്‍ നിന്നും മറ്റും വാങ്ങിയ 40000 രൂപയുമായാണ് ശ്രീധന്യ ദില്ലിയില്‍ എത്തിയത്.
മകളുടെ പഠനത്തിനാവശ്യമായ പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. അത്രയധികം ദാരിദ്ര്യത്തിന്റെ കയ്പറിഞ്ഞാണ് ശ്രീധന്യ സുരേഷ് വിജയം കയ്യിലൊതുക്കിയത്. അതുകൊണ്ട് തന്നെ ശ്രീധന്യയുടെ വിജയം മലയാളികള്‍ അത്ര പെട്ടെന്ന് മറക്കില്ല. കേരളത്തിനും ആദിവാസി സമൂഹത്തിനും അഭിമാനനേട്ടം കൈവരിച്ച ശ്രീധന്യയെ പ്രമുഖരെല്ലാം അഭിനന്ദിച്ചിരുന്നു. വയാനാട് എംപിയായ രാഹുല്‍ ഗാന്ധി നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരുന്നു.