KeralaNews

‘ഗുരുജിയോ ആരോ ആയിക്കോട്ടെ, മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുതെന്ന് അമ്മ പറഞ്ഞു’; ഗോള്‍വാള്‍ക്കര്‍ വീട്ടില്‍ വന്ന അനുഭവം പങ്കുവെച്ച് എഴുത്തുകാരി

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന് ആര്‍.എസ്.എസ് മേധാവിയായിരുന്ന മാധവ സദാശിവ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവാദമായതിന് പിന്നാലെ കേരളത്തില്‍ ഗോള്‍വാള്‍ക്കറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഇതിനിടയില്‍ തന്റെ കുട്ടിക്കാലത്ത് ഗോള്‍വാള്‍ക്കര്‍ വീട്ടില്‍ വന്ന അനുഭവം പങ്കുവെച്ച എഴുത്തുകാരി ശ്രീദേവി എസ്. കര്‍ത്തയുടെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ശ്രീദേവി എസ് കര്‍ത്ത ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം:

എനിക്ക് 3 വയസുള്ളപ്പോഴാണ് ഗുരുജി ഗോള്‍വാര്‍ക്കര്‍ എന്റെ വീട് സന്ദര്‍ശിക്കുന്നത്. എന്റെ അച്ഛന്‍ ശ്രീ K.S.കര്‍ത്താ കേരളത്തിലെ ആദ്യത്തെ സംഘ പ്രചാരകരില്‍ ഒരാളായിരുന്നു. പില്‍ക്കാലത്ത് ബി.ജെ.പി നേതാക്കാളായ പലരും നിത്യ സന്ദര്‍ശകരായിരുന്നു വീട്ടില്‍. 3 വയസ് മാത്രമുണ്ടായിരുന്ന എനിക്ക് ഗോള്‍വാള്‍ക്കറുടെ സന്ദര്‍ശനത്തെക്കുറിച്ച് വലിയ ഓര്‍മ്മകള്‍ ഒന്നുമില്ല. പിന്നീട് അമ്മ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് അതിനെക്കുറിച്ചുള്ള എന്റെ അറിവ്.

അതുകൊണ്ട് ഇനി അമ്മയാണ് സംസാരിക്കുക.

‘ഒരു ദിവസം ഉച്ചയ്ക്കാണ് നിന്റെ അച്ഛനും ഗുരുജിയും കൂടെ 3 സംഘ പ്രവര്‍ത്തകരും കൂടി വീട്ടില്‍ വന്നത്. അന്ന് നമ്മള്‍ ശാസ്തമംഗലത്തുള്ള ആ വലിയ മുറ്റമുള്ള പഴയ വീട്ടിലാണ് താമസം. റോസ് കലര്‍ന്ന വെളുപ്പ് നിറമുള്ള ഒരാളായിരുന്നു ഗുരുജി. വെള്ള കുര്‍ത്തയും പൈജാമയും കട്ടിക്കണ്ണടയും താടിയും. ഒരു സുന്ദരന്‍. വീട്ടിലേക്ക് കടന്നു വരുമ്പോള്‍ നീയും ഞാനും ഇറയത്ത് നില്‍പ്പുണ്ട്. നീ ഒരു വെള്ള പെറ്റിക്കോട്ട് ആണ് ഇട്ടിരുന്നത്. (അതെങ്കിലും നിന്നെ ഇടീക്കാന്‍ ഞാന്‍ പെട്ട പാട്).

നീ ഒരു ഓറഞ്ച് പൊളിച്ചു തിന്നുകയായിരുന്നു. പകുതി തിന്ന ഒരല്ലി വലത്ത് കൈയിലും ബാക്കി പൊളിച്ച ഓറഞ്ച് മറു കയ്യിലും. വാതില്‍ കടന്ന് ഗുരുജി മുന്നോട്ട് വന്നു ഗംഭീര സ്വരത്തില്‍ കൈകൂപ്പി എന്നോട് പറഞ്ഞു. ‘ഗൃഹലക്ഷ്മി കോ സാദാര്‍ പ്രണാമ്’ ഗൃഹ ലക്ഷ്മി എന്നൊക്കെ കേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാന്‍ തിരിച്ചു കൈക്കൂപ്പി.

അപ്പോഴാണ് അദ്ദേഹം നിന്നെ കണ്ടത്. കുനിഞ്ഞു നിന്റെ കവിളില്‍ തട്ടി അദ്ദേഹം നിന്നോട് ചോദിച്ചു. ‘ഒരു ഓറഞ്ച് എനിക്കും തരുമോ?’ നീ ഉടനെ തന്നെ തിന്നുകൊണ്ടിരുന്ന അല്ലിയും ബാക്കിയുണ്ടായിരുന്ന മുഴുവനും ഓറഞ്ചും കൂടി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു. ‘ബാക്കി നീ തിന്നോ’. ഞാനങ്ങു വല്ലാതെയായി. എല്ലാവരും പൊട്ടിച്ചിരിച്ചു. ഒരല്ലി ചോദിച്ചപ്പോള്‍ നീ മുഴുവന്‍ ഓറഞ്ചും കൊടുത്തത് കണ്ട് ഗുരുജിക്കും വലിയ സന്തോഷമായി.

പുള്ളി തിരിഞ്ഞ് നിന്റെ അച്ഛനോട് പറഞ്ഞു. ‘ശ്രീധര്‍ജി Am not surprised. After all she is your daughter ഹെയ് നാ?(ആരെങ്കിലും സഹായം ചോദിച്ചാല്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു കൊടുത്തു പോലും സഹായിച്ചു മുടിഞ്ഞു പോയ ഒരാളാണ് എന്റെ അച്ഛന്‍). അത് കഴിഞ്ഞ് അവര്‍ അകത്തേക്ക് വന്നു. ഇനിയാണ് തമാശ. അകത്തു കയറിയ ഉടനെ ഗുരുജി ചോദിച്ചു. ‘ടോയ്ലറ്റ് കിദര്‍’? വളരെ ദൂരം യാത്ര ചെയ്തു വന്നയാള്‍ അല്ലേ? ടോയ്ലറ്റ് ഉപയോഗിക്കേണ്ടിയിരിക്കും എന്ന് കരുതി അദ്ദേഹത്തിന് ടോയ്ലറ്റ് കാണിച്ചു കൊടുത്തു.

അദ്ദേഹം ടോയ്ലറ്റ് വാതില്‍ തുറന്നു. അകത്തേക്ക് നോക്കി. അപ്പോള്‍ ത്തന്നെ പുറത്തിറങ്ങി. ‘വേറെ ടോയ്ലറ്റ് ഉണ്ടോ?’ എന്നാരാഞ്ഞു. ഞാന്‍ അങ്ങ് വിഷമിച്ചു. ഈ ടോയ്ലറ്റിനു എന്തെങ്കിലും പ്രശ്നമുണ്ടോ? രാവിലെ വൃത്തിയായി കഴുകിയതാണല്ലോ. അപ്പോഴേക്കും അദ്ദേഹം രണ്ടാമത്തെ ടോയ്ലറ്റിനു അകത്തേക്ക് കയറി പൊടുന്നനെ പുറത്തേക്ക് ഇറങ്ങി.

ഇനിയുള്ളത് പുറത്തുള്ള ടോയ്ലറ്റ് ആണ്. അവിടെയുമുണ്ടായി വാതില്‍ തുറക്കലും ഉടനടി പുറത്തേക്ക് ഇറങ്ങലും എനിക്ക് ആകെ നാണക്കേടായി. എന്താണ് പ്രശ്നമെന്ന് മനസിലായില്ല. അപമാനം കൊണ്ട് ഞാന്‍ തല കറങ്ങി വീഴുമെന്ന് തോന്നി. അപ്പോഴേക്കും അദ്ദേഹത്തിന്റെ കൂടെ വന്ന ആള്‍ പറഞ്ഞു. ‘ചേച്ചി വിഷമിക്കണ്ട. അദ്ദേഹം എവിടെ പോയാലും ആദ്യം ടോയ്ലറ്റ് പരിശോധിക്കും.

ടോയ്ലറ്റ് വൃത്തിയില്ലെങ്കില്‍ അദ്ദേഹം അവിടെന്ന് ഭക്ഷണം കഴിക്കില്ല ‘അപ്പോഴേക്കും ടോയ്ലറ്റ് ഒക്കെ വൃത്തിയാണെന്ന് കണ്ട് സന്തുഷ്ടനായി അദ്ദേഹം. ‘ഭേഷ്’ സര്‍ട്ടിഫിക്കേറ്റ് തന്നു കഴിഞ്ഞു. ഭക്ഷണം വിളമ്പിക്കൊള്ളൂ എന്ന അനുമതിയും കിട്ടി. സത്യത്തില്‍ എനിക്ക് അന്ന് വന്ന ദേഷ്യവും അപമാനവും കരച്ചിലും പറയാന്‍ വയ്യ.

ആഹാരവും ചര്‍ച്ചയും ഒക്കെ കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞു ഞാന്‍ നിന്റെ അച്ഛനോട് പറഞ്ഞു ‘ഗുരുജിയോ ആരോ ആയിക്കോട്ടെ. മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്. ‘പിന്നെ പോകുന്നതിന് മുന്‍പ് ഒരു കാര്യമുണ്ടായി. നിന്റെ തലയില്‍ കൈ വച്ചു ‘ബേട്ടിക്കു സത് ബുദ്ധി ഉണ്ടാവട്ടെ ‘എന്ന് ഗുരുജി അനുഗ്രഹിച്ചു. എന്നിട്ട് അതുണ്ടായോ മോളെ’? ‘അത് കൃത്യമായി ഫലിച്ചു അമ്മേ. അതുകൊണ്ടാണ് ഇത്ര ശക്തമായ സവര്‍ണ ശുദ്ധാശുദ്ധ ഫാസിസ്റ്റു ബോധം പേറി നടക്കുന്ന ഈക്കൂട്ടരെ ചത്താലും എതിര്‍ക്കണമെന്ന വെളിച്ചം നല്ലോണം തലയില്‍ തെളിഞ്ഞു പ്രകാശിക്കുന്നത്’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker