കൊവിഡ് വ്യാപനം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. അമേരിക്കയിലും ജപ്പാനിലും അടക്കം വ്യാപനം കൂടുന്ന സാഹചര്യത്തിൽ പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്നാണ് സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ നിർദ്ദേശം. അഞ്ച് ഘട്ട പ്രതിരോധ പ്രവർത്തനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
ലോകത്ത് പലയിടങ്ങളിലായി കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. നാളെ രാവിലെ 11 മണിക്കാണ് ദില്ലിയിൽ യോഗം ചേരുക. പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് യോഗത്തിന്റെ അജണ്ട. ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
അതേസമയം, ഇന്ത്യയിലെ കൊവിഡ് കണക്കുകളിൽ റെക്കോർഡ് കുറവാണ് രേഖപ്പെടുത്തിയത്. 1103 പേർക്കാണ് കഴിഞ്ഞ ഒരാഴ്ച്ച രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് വർഷം മുമ്പ് മാർച്ചിൽ ആദ്യ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രതിവാര കണക്ക് ആയിരത്തിലെത്തുന്നത്. ഒരാഴ്ച്ചയ്ക്കിടെയുള്ള കൊവിഡ് മരണ നിരക്ക് പന്ത്രണ്ടായി കുറഞ്ഞു. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ചൈനയിലും ജപ്പാനിലും പല യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും ആശങ്ക ഉയർത്തുന്നതിനിടയിലാണ് ഇന്ത്യയിൽ കണക്കുകൾ ആശ്വാസമാകുന്നത്.
കൊവിഡ് പോസിറ്റീവ് കേസുകളുടെ സാംപിളുകള്‍ അടിയന്തരമായി തന്നെ ജീന്‍ സീക്വന്‍സിംഗ് ലബോറട്ടറികളിലേക്ക് അയച്ച് പരിശോധന നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ കൊവിഡ് വകഭേദങ്ങളുണ്ടാകുന്നുണ്ടോ എന്നുളളത് തുടര്‍ച്ചയായി നിരീക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിനും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തെഴുതിയിട്ടുണ്ട്. ചൈനയെ കൂടാതെ ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സാര്‍സ്-സിഒവി-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം നെറ്റ്വര്‍ക്ക് വഴി പോസിറ്റീവ് കേസുകളുടെ സാംപിളുകള്‍ ജീന്‍ സീക്വന്‍സിംഗ് നടത്തി വൈറസിന്റെ വകഭേദങ്ങളെ കണ്ടെത്തുന്ന പ്രക്രിയ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു.
അത് വഴി രാജ്യത്ത് പരക്കുന്ന പുതിയ വൈറസുകളെ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്നും പ്രതിരോധ മാര്‍ഗങ്ങള്‍ വേഗത്തില്‍ ശക്തിപ്പെടുത്താനാകുമെന്നും കത്തില്‍ പറയുന്നു. ഇന്ത്യന്‍ സാര്‍സ്-സിഒവി-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം എന്നത് കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനുളള 50 ലബോറട്ടറികള്‍ ഉള്‍പ്പെടുന്നതാണ്. പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്താനും അതിന്റെ സ്വഭാവ സവിശേഷതകള്‍ പഠിക്കാനും സഹായിക്കുന്നതാണ് ജീന്‍ സീക്വന്‍സിംഗ്. പോസിറ്റീവ് കേസുകളുടെ സാംപിളുകള്‍ ദിവസവും പരിശോധനയ്ക്ക് അയയ്ക്കാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന് തുടക്കം കുറിച്ച ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ വലിയ തോതില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നതായും ഫാര്‍മസികള്‍ കടുത്ത മരുന്ന് ക്ഷാമത്തിലാണ് എന്നുമാണ് വിവരം. വര്‍ഷങ്ങളായുളള കൊവിഡ് നിയന്ത്രണം അടുത്തിടെയാണ് ചൈനീസ് സര്‍ക്കാര്‍ നീക്കം ചെയ്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതിന് എതിരെ പ്രതിഷേധം ഉയര്‍ന്നതോടെയായിരുന്നു നീക്കം ചെയ്യല്‍. ഇതിന് പിന്നാലെയാണ് രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം ഉയരുകയും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നത്.
മൂന്ന് മാസത്തിനുളളില്‍ ചൈനയിലെ 60 ശതമാനം പേര്‍ക്കും ലോകത്തിലെ 10 ശതമാനം പേര്‍ക്കും കൊവിഡ് ബാധിക്കാനുളള സാധ്യതയുണ്ട് എന്നാണ് പകര്‍ച്ച വ്യാധി വിദഗ്ധനായ ഗവേഷകന്‍ എറിക് ഫീഗല്‍ ഡിംഗ് പറയുന്നത്. മാത്രമല്ല കൊവിഡ് മരണങ്ങള്‍ ലക്ഷങ്ങള്‍ കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ആശുപത്രികളില്‍ നിരവധി മൃതദേഹങ്ങള്‍ കിടക്കുന്ന വീഡിയോകള്‍ അടക്കം ചൈനയില്‍ നിന്ന് പുറത്ത് വരുന്നത് ആശങ്കയേറ്റുന്നതാണ്. അതേസമയം ചൈനീസ് സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ശ്മശാനം ജീവനക്കാരുടെ അടക്കം പ്രതികരണങ്ങള്‍ പുറത്ത് വരുന്നുണ്ട്. കൊവിഡ് മരണങ്ങള്‍ കാരണം തങ്ങള്‍ക്ക് അധിക ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമാണ് എന്നാണ് ശ്മശാനം ജോലിക്കാര്‍ പറയുന്നത്.