ലോക്ക്ഡൗണ്‍ ലംഘിച്ച് അമിത വേഗതയിലെത്തിയ കാര്‍ പോലീസുകാരനെയും ഇടിച്ചിട്ട് പാഞ്ഞു! തെരച്ചില്‍
ഭോപ്പാല്‍: അമിത വേഗതയിലെത്തിയ കാര്‍ പോലീസുകാരനെയും ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പാഞ്ഞു. ഭോപ്പാലിലെ ട്രാഫിക് പോലീസിനെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തിയായിരുന്നു യാത്രികന്റെ സഞ്ചാരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കൊവിഡ് മൂലം അടച്ച റോഡിന്റെ ഒരു ഭാഗത്തുകൂടിയാണ് കാര്‍ എത്തിയത്. തെറ്റായ ദിശയില്‍ നിന്ന് വരുന്ന കാര്‍ കണ്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം തടയാന്‍ ശ്രമിച്ചു. എന്നാല്‍ വേഗത കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യാന്‍ ഡ്രൈവര്‍ തയ്യാറായില്ല. ശേഷം ഉദ്യോഗസ്ഥനെയും ഇടിച്ചിട്ട് പോലീസ് ബാരിക്കേഡിനെ വലം വച്ച് സംഭവസ്ഥലത്ത് നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
തലനാരിഴയ്ക്കാണ് പോലീസുകാരന്‍ മരണത്തില്‍ നിന്ന് കരകയറിയത്. തുടര്‍ന്ന് പോലീസുകാരന്‍ തൊട്ടുപുറകെ വന്ന ജീപ്പില്‍ കയറി കാറിനെ പിന്തുടര്‍ന്നുവെങ്കിലും കാറോ ഡ്രൈവറെയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരികയാണ്.