
പട്ടാമ്പി: കളിക്കുന്നതിനിടെ കിണറില്‍ വീണ ഒന്നര വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ഐഫ ഷാഹിനയാണ് ഇപ്പോള്‍ നാട്ടിലെ താരം. പട്ടാമ്പിയിലാണ് സംഭവം. പട്ടാമ്പി നാഗലശ്ശേരി വാവന്നൂര്‍ ചാലിപ്പുറം മണിയാറത്ത് വീട്ടില്‍ ലത്തീഫിന്റെയും ഐഷ ഷാഹിനയുടെയും ഒരുവയസുകാരനായ മകന്‍ മുഹമ്മദ് ഹിസാം തഹാന്‍ വീട്ടിലെ കിണറിന്റെ അരികില്‍ നിന്ന് കളിക്കുമ്പോഴാണ് അബദ്ധത്തില്‍ കിണറിലേക്ക് വീണത്. ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ ഐഷയുടെ സഹോദരി ഐഫ പിറകെ കിണറിലേക്ക് എടുത്തുചാടി.
പതിനെട്ട് കോല്‍ ആഴമുള്ളതായിരുന്നു കിണര്‍. കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് പൊക്കിയെടുത്ത് ശരീരത്തോട് ചേര്‍ത്ത് വച്ച് നീന്തിയും തുഴഞ്ഞും നില്‍ക്കുകയായിരുന്നു ഐഫ. വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികളായ അമിദും, അബ്റാറും പിന്നാലെ കിണറ്റിലേക്ക് ചാടി. കുഞ്ഞിനെ ഇവര്‍ ഉയര്‍ത്തി നിര്‍ത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാലിശ്ശേരി പൊലീസും പട്ടാമ്പിയില്‍ നിന്നുള്ള ഫയര്‍ യൂണിറ്റും എത്തിയാണ് കുഞ്ഞിനെയും മറ്റ് മൂന്ന് പേരെയും കിണറില്‍ നിന്ന് രക്ഷിച്ചത്.
വല കൊണ്ടുള്ള കുട്ട താഴേക്കിറക്കി ഓരോരുത്തരെയായാണ് കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഐഫയുടെ കാലിന് നേരിയ പരുക്ക് പറ്റിയിട്ടുണ്ട്. കോഴിക്കോട് ഫറൂഖ് കോളേജിലെ എം.ബി.എ. വിദ്യാര്‍ഥിനിയായ ഐഫ ഷാഹിന് ധീര പ്രവര്‍ത്തിയിലൂടെ നാട്ടുകാരുടെ കൈയ്യടി നേടിയിരിക്കുകയാണ്.