KeralaNews

ഒടുവിൽ നടപടിക്ക് സർക്കാർ; നടിമാരുടെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ പ്രമുഖർക്കെതിരെയുള്ള ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി സർക്കാർ. സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് എന്നിവർക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവർക്ക് പരാതിയുണ്ടെന്ന് അറിയിച്ചാൽ തുടർനടപടികളുമായി മുന്നോട്ട് പോകും.

വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്നിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല. എ.ഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഡി.ഐ.ജി. എസ്. അജീത ബീഗം, എസ്.പി. മെറിന്‍ ജോസഫ്, എ.ഐ.ജി. ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, എ.ഐ.ജി. അജിത്ത് വി., എസ്.പി. എസ്. മധുസൂദനന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോ​ഗസ്ഥർ.

പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അന്വേഷണസംഘം പരിശോധിക്കുക. അതേസമയം, ഹേമ കമ്മിറ്റി മുമ്പാകെ അതിക്രമം തുറന്നുപറഞ്ഞ വിഷയങ്ങളിൽ ഇപ്പോൾ അന്വേഷണമുണ്ടാകില്ല. ഹൈക്കോടതിയുടെ പരി​ഗണനയിലുള്ള വിഷയമായതിനാലാണ് ഇത്.

നേരത്തെ, ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലെെം​ഗി​ക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി.

യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ധിഖും രാജിവെച്ചിരുന്നു. വർഷങ്ങൾക്കുമുൻപ്‌ സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവനടി ആരോപിക്കുന്നത്. സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്‌. മുൻപ്‌ ഇതു പറഞ്ഞപ്പോൾ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker