KeralaNews

ഇത്തരം പ്രഹസനങ്ങള്‍ പാടില്ല; കെ.കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: വടകര എം.എല്‍.എ കെ.കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. നിയമസഭയുടെ കോഡ് ഓഫ് കോണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ല എന്ന് വ്യക്തമാക്കിയതാണ്.

അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതുമാണെന്ന് സ്പീക്കര്‍ എം ബി രാജേഷ് വ്യക്തമാക്കി. സത്യപ്രതിജ്ഞക്ക് ബാഡ്ജ് ധരിച്ചെത്തിയത് ചട്ടലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ആര്‍എംപി നേതാവായ കെ കെ രമ സത്യപ്രതിജ്ഞയ്ക്ക് എത്തിയത് പാര്‍ട്ടി സ്ഥാപകനും ഭര്‍ത്താവുമായ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് അണിഞ്ഞായിരുന്നു.

സഭയില്‍ ടിപിയുടെ ശബ്ദം മുഴങ്ങുമെന്ന് നേരത്തെ കെകെ രമ പറഞ്ഞിരുന്നു. ജയിച്ചത് സഖാവ് ടിപിയാണ്, അദ്ദേഹമാണ് നിയമസഭയിലുള്ളത്. അദ്ദേഹം മുന്നോട്ട് വെച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്.

അങ്ങനെയുള്ള കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നല്‍കാനാണ് ഈ ബാഡ്ജ് ധരിച്ചു വന്നതെന്നും സത്യപ്രതിജ്ഞാ ദിവസം രമ പറഞ്ഞിരുന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആര്‍എംപിയുടെ തീരുമാനം.

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണത്തിന് എതിരെ ശബ്ദയുര്‍ത്താന്‍ കേരള നിയമസഭ തയ്യാറെടുപ്പുകള്‍ തുടങ്ങി. ലക്ഷദ്വീപുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള നിയമസഭയുടെ നിലവില്‍ നടക്കുന്ന സമ്മേളനത്തിനിടയില്‍ പ്രമേയം പാസാക്കിയേക്കും. ഇതിനുള്ള നടപടി ക്രമങ്ങള്‍ സ്പീക്കറുടെ ഓഫീസ് പരിശോധിച്ചു തുടങ്ങി.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിന്‍മേല്‍ ചര്‍ച്ച നടക്കും. ഇതിന് ശേഷം ലക്ഷദ്വീപുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യതയാണ് സ്പീക്കര്‍ പരിശോധിക്കുന്നത്. കേരളത്തില്‍ ബിജെപി ഒഴികെ മറ്റു പ്രധാന പാര്‍ട്ടികളെല്ലാം ലക്ഷദ്വീപിലെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button