24.5 C
Kottayam
Sunday, May 19, 2024

സഖാവിന്റെ ബന്ധുവിന്റെ ഐഡി പ്രൂഫ് നല്‍കിയാണ് സിം എടുത്തത്; പേഴ്സണലായ ഈ നമ്പരില്‍ നിന്നും സ്വപ്നയെ വിളിച്ചിട്ടുണ്ടാവും..

Must read

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലടക്കം നിരവധി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷുമായി ബന്ധം പുലര്‍ത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ. കഴിഞ്ഞയാഴ്ച സ്പീക്കര്‍ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഭരണകക്ഷിക്കുള്ളതിനാല്‍ പ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിനായിരുന്നില്ല. ഇപ്പോള്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തുകയാണ് സ്പീക്കര്‍.

സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്ന ദിവസം ശ്രീരാമകൃഷ്ണന് സിം കാര്‍ഡ് എടുത്ത് നല്‍കിയതിന് നാസര്‍ എന്നയാളെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വപ്നയെ സ്പീക്കര്‍ വിളിക്കാനുപയോഗിച്ച സിം ആണിതെന്നും, സ്വപ്ന കേസില്‍പ്പെട്ടതോടെ സിം പ്രവര്‍ത്തന രഹിതമായെന്നും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഈ വിവാദത്തിനും ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. അത് രഹസ്യ സിമ്മല്ലെന്നും, പേര്‍സണല്‍ ഫോണിലാണ് ഉപയോഗിക്കുന്നതെന്നും സ്പീക്കര്‍ പറയുന്നു.

താന്‍ പാര്‍ട്ടി പ്രവര്‍ത്തകനോടാണ് സിം എടുത്ത് നല്‍കാന്‍ ആവശ്യപ്പെട്ടത്.ഒരു സഖാവിന്റെ ബന്ധുവിന്റെ ഐഡി പ്രൂഫ് നല്‍കിയാണ് സിം എടുത്തത്. പേഴ്സണലായ ഈ നമ്പരിൽ നിന്നും താന്‍ സ്വപ്നയെ വിളിച്ചിട്ടുണ്ടാവും എന്നും എന്നാല്‍ അവിഹിതമായ രീതിയില്‍ അവര്‍ക്ക് എന്തെങ്കിലും ആനുകൂല്യം നല്‍കിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറയുന്നു. സ്വപ്നയുടെ കുടുംബത്തെയും തനിക്ക് അറിയാമായിരുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങള്‍ക്കായിട്ടാണ് സ്വപ്നയെ വിളിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

ഫോണ്‍ നമ്പരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യേണ്ട ആവശ്യം തന്നെ നിലനില്‍ക്കുന്നില്ലെന്നും, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ വിളിക്കാന്‍ കസ്റ്റംസിന് കഴിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ഇനി ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള മറുപടി നല്‍കുമെന്നും ശ്രീരാമകൃഷ്ണന്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരിക്കുന്നുണ്ടെങ്കില്‍ അതു പൊന്നാനിയില്‍ തന്നെ ആയിരിക്കണം എന്നാണ് ആഗ്രഹമെന്നും പാര്‍ട്ടിയാണു തീരുമാനിക്കേണ്ടതെന്നും ശ്രീരാമകൃഷ്ണന്‍ മനസ് തുറക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week