KeralaNews

സ്വപ്‌നയുടെ മൊഴി അസംബന്ധം,വസ്തുതാവിരുദ്ധം,പുതിയ കെട്ടുകഥകള്‍ ഉണ്ടാകുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന് അന്വേഷണം നടത്തണമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം:മാധ്യമങ്ങളില്‍ മൊഴി എന്ന പേരില്‍ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. രാഷ്ട്രീയ താല്‍പര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചെന്നും അതില്‍ നിക്ഷേപം ഉണ്ടെന്നും ഉള്ളതായി പറയപ്പെടുന്ന മൊഴി തീര്‍ത്തും അടിസ്ഥാന വിരുദ്ധമാണ്. ഇക്കാര്യം ആര്‍ക്കും അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്.

ഒമാനില്‍ നല്ല നിലയില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീര്‍ അഹമ്മദിനെ പരിചയം ഉണ്ട് എന്നത് വസ്തുതയാണ്. പ്രവാസികളായ ഇത്തരം പലരെയും കണാറുണ്ട്, സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്. അതിന്റെ പേരില്‍ അവിടെയെല്ലാം നിക്ഷേപം ഉണ്ടെന്ന് ദുര്‍വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണ്. ഷാര്‍ജാ ഷെയ്ഖിനെ കേരളത്തിലോ വിദേശത്തോ ഒറ്റയ്ക്ക് ഒരിക്കലും കാണാന്‍ അവസരം ലഭിച്ചിട്ടില്ല. കണ്ടിട്ടുമില്ല. കേരള സന്ദര്‍ശന വേളയില്‍ ഔദ്യോഗികമായ അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു എന്നത് ഒഴിച്ചാല്‍ മറ്റൊന്നും ഉണ്ടായിട്ടില്ല.

മാസങ്ങളായി അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായ പ്രതിയായ ഒരാള്‍ ഇതിനകം എട്ടോളം മൊഴികള്‍ നല്‍കിയതായാണ് അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ പുതിയ കെട്ടുകഥകള്‍ ഉണ്ടാകുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന് കൂടി അന്വേഷണ വിധേയമാക്കണം. ഏതു തരം അന്വേഷണത്തിനും തയാറാണ്. എന്നാല്‍ അത് സത്യസന്ധവും നിയമപരവുമായിരിക്കണം. അല്ലാതെ തിരഞ്ഞെടുപ്പ് കാലത്ത് കെട്ടുകഥകള്‍ ചമച്ച് രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. വിദേശത്ത് സ്ഥാപനം തുടങ്ങാനോ അതിലേക്ക് നിക്ഷേപം സംഘടിപ്പിക്കാനോ അതിനുവേണ്ടി ആരോടെങ്കിലും സംസാരിക്കാനോ ഒന്നും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ മൊഴിപ്പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സ്പീക്കര്‍ക്ക് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്നും ഷാര്‍ജയില്‍ ഇതേ കോളജിന്റെ ശാഖ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നെന്നും വെളിപ്പെടുത്തുന്ന മൊഴിയാണ് പുറത്തു വന്നത്. അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച മൊഴിയുടെ പകര്‍പ്പാണ് പുറത്തു വന്നിരിക്കുന്നത്.

സ്വപ്ന സുരേഷിന്റെ വാട്‌സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന സ്പീക്കര്‍ക്ക് എതിരായുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ലഫീര്‍ എന്ന വ്യക്തിയെ പരാമര്‍ശിച്ച് ഒരു വാട്‌സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് അയച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴാണ് സ്പീക്കറുടെ പേര് സ്വപ്ന വെളിപ്പെടുത്തിയത്.

‘ലഫീര്‍, കിരണ്‍ എന്നിവരെ താന്‍ എം.ശിവശങ്കറിനും പി.ശ്രീരാമകൃഷ്ണനും പരിചയപ്പെടുത്തിയിരുന്നു. ശ്രീരാമകൃഷ്ണന് മിഡില്‍ ഈസ്റ്റ് കോളജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. കോളജിന് കെട്ടിട നിര്‍മാണത്തിനായി ഷാര്‍ജ ഭരണാധികാരിയോട് അദ്ദേഹം സൗജന്യമായി ഭൂമി അനുവദിക്കാന്‍ അപേക്ഷിച്ചിരുന്നു. ഷാര്‍ജയിലെ ബിസിനസ് നോക്കി നടത്തുന്നതിനായി ശിവശങ്കറും സ്പീക്കറും ഷഫീറും കിരണും തന്നോട് ഷാര്‍ജയിലേക്ക് താമസം മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു’ എന്നാണ് മൊഴിയില്‍ സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. 2018 ഏപ്രിലില്‍ ഒമാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഖാലിദ് എന്നയാള്‍ തന്നെ സന്ദര്‍ശിച്ചിരുന്നതായും സ്വപ്ന വ്യക്തമാക്കുന്നുണ്ട്.

ഷാര്‍ജ ഭരണാധികാരി തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ പി.ശ്രീരാമകൃഷ്ണന്‍ അദ്ദേഹത്തെ നേരിട്ടു കണ്ട് കോളജിനു ഷാര്‍ജയില്‍ സ്ഥലം നല്‍കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. അദ്ദേഹം ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പു നല്‍കിയതായും മൊഴിയിലുണ്ട്. തിരുവനന്തപുരത്തെ ഹോട്ടലിലായിരുന്നു ഇവരുടെ കൂടിക്കാഴ്ച. മിഡില്‍ ഈസ്റ്റില്‍ എന്തു താല്‍പര്യമാണ് പി. ശ്രീരാമകൃഷ്ണനുള്ളത് എന്ന ചോദ്യത്തിനു മറുപടിയായാണ് സ്വപ്ന ഇക്കാര്യം അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker