കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. വിജയത്തിനടുത്തെത്തിയ ശേഷം വെറും നാലു റണ്ണിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതോടെ മൂന്ന് മത്സര പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.2 ഓവറിൽ 283 റൺസിന് ഓൾഔട്ടായി.
ഒരു ഘട്ടത്തിൽ ഏഴിന് 223 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ അവസാന ഓവറുകളിലെ തകർപ്പൻ ബാറ്റിങ്ങിലൂടെ വിജയത്തിനടുത്തെത്തിച്ചത് ദീപക് ചാഹറാണ്. വെറും 34 പന്തുകൾ നേരിട്ട ചാഹർ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 54 റൺസെടുത്തു. 48-ാം ഓവറിലെ ആദ്യ പന്തിൽ ചാഹർ പുറത്തായതോടെ ഇന്ത്യ മത്സരം കൈവിടുകയായിരുന്നു.ശിഖർ ധവാൻ, വിരാട് കോലി എന്നിവരുടെ അർധ സെഞ്ചുറികളും പാഴായി.
അഞ്ചാം ഓവറിൽ ഒമ്പത് റൺസെടുത്ത ക്യാപ്റ്റൻ കെ.എൽ രാഹുലിനെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്ത ധവാൻ – കോലി സഖ്യമാണ് ഇന്ത്യയെ താങ്ങിനിർത്തിയത്. ധവാൻ 73 പന്തിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 61 റൺസെടുത്തപ്പോൾ കോലി 84 പന്തുകൾ നേരിട്ട് അഞ്ച് ബൗണ്ടറികളോടെ 65 റൺസെടുത്തു.
എന്നാൽ 23-ാം ഓവറിൽ ധവാനെയും ഋഷഭ് പന്തിനെയും (0) പുറത്താക്കി ആൻഡിൽ പെഹ്ലുക്വായോ ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെ 32-ാം ഓവറിൽ കോലിയെ മടക്കിയ കേശവ് മഹാരാജ് ഇന്ത്യയെ പ്രതിരോധത്തിലാക്കി.
പിന്നാലെ ശ്രേയസ് അയ്യരും സൂര്യകുമാർ യാദവും ചേർന്ന് സ്കോർ 195 വരെയെത്തിച്ചു. 34 പന്തിൽ നിന്ന് 26 റൺസെടുത്ത അയ്യരെ മടക്കി സിസാൻഡ മഗളയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ 32 പന്തിൽ നിന്ന് 39 റൺസെടുത്ത സൂര്യകുമാറിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ഡ്വെയ്ൻ പ്രിട്ടോറിയസാണ് താരത്തെ മടക്കിയത്.
തുടർന്നായിരുന്നു ദീപക് ചാഹറിന്റെ കാമിയോ ഇന്നിങ്സ്. എന്നാൽ ചാഹർ പുറത്തായ ശേഷം ജസ്പ്രീത് ബുംറയുടെയും (12) അവസാന ഓവറിലെ രണ്ടാം പന്തിൽ യൂസ്വേന്ദ്ര ചാഹലിന്റെയും (2) വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 49.5 ഓവറിൽ 287 റൺസിന് ഓൾഔട്ടാകുകയായിരുന്നു.ഓപ്പണർ ക്വിന്റൺ ഡിക്കോക്കിന്റെ സെഞ്ചുറിയും റാസ്സി വാൻഡെർ ദസ്സന്റെ അർധ സെഞ്ചുറിയുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച ടോട്ടൽ പടുത്തുയർത്താൻ സഹായിച്ചത്.
17-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ ഡിക്കോക്ക് 130 പന്തിൽ നിന്ന് രണ്ട് സിക്സും 12 ഫോറുമടക്കം 124 റൺസെടുത്തു. ദസ്സൻ 59 പന്തുകൾ നേരിട്ട് ഒരു സിക്സും നാല് ഫോറുമടക്കം 52 റൺസെടുത്തു.അത്ര നല്ല തുടക്കമായിരുന്നില്ല ദക്ഷിണാഫ്രിക്കയുടേത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ ജാന്നെമൻ മലാനെ (1) മൂന്നാം ഓവറിൽ തന്നെ ദീപക് ചാഹർ മടക്കി. പിന്നാലെ ഏഴാം ഓവറിൽ ടെംബ ബവുമ (8) റണ്ണൗട്ടായി. തുടർന്ന് 13-ാം ഓവറിൽ ഏയ്ഡൻ മാർക്രത്തെയും (15) ചാഹർ മടക്കി.
എന്നാൽ പിന്നാലെ ക്രീസിൽ ഒന്നിച്ച ഡിക്കോക്ക് – ദസ്സൻ സഖ്യം നാലാം വിക്കറ്റിൽ 144 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രോട്ടീസിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 36-ാം ഓവറിൽ ഡിക്കോക്കിനെ ബുംറ മടക്കി. തൊട്ടടുത്ത ഓവറിൽ ദസ്സനെ മടക്കി യൂസ്വേന്ദ്ര ചാഹൽ പ്രോട്ടീസിനെ പ്രതിരോധത്തിലാക്കി.
തുടർന്ന് 39 റൺസെടുത്ത ഡേവിഡ് മില്ലറും 20 റൺസെടുത്ത ഡ്വെയ്ൻ പ്രിട്ടോറിയസും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ 250 കടത്തിയത്.ആൻഡിൽ പെഹ്ലുക്വായോ (4), കേശവ് മഹാരാജ് (6), സിസാൻഡ മഗള (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും ദീപക് ചാഹർ, ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.