NationalNews

മഹാരാഷ്ട്രയിലും കല്ലുകടി ; റാത്തോഡിനെ മന്ത്രിയാക്കി,ഷിൻഡെയോട് ഇടഞ്ഞ് ബിജെപി

മുംബൈ ∙ മഹാരാഷ്ട്രയിൽ ടിക് ടോക് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എംഎൽഎ സഞ്ജയ് റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയതിനെതിരെ ബിജെപി. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ വനംമന്ത്രിയായിരുന്ന സഞ്ജയ് ആരോപണത്തെത്തുടർന്ന് രാജിവയ്ക്കുകയായിരുന്നു. സഞ്ജയ്‌യെ വീണ്ടും മന്ത്രിയാക്കിയതോടെ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ചിത്ര വാഗാണ് വിമർശനവുമായി രംഗത്തെത്തിയത്.

മഹാരാഷ്ട്രയുടെ മകളായ പൂജ ചവാന്റെ മരണത്തിൽ ആരോപണ വിധേയനായ സഞ്ജയ‌‌്‌യെ വീണ്ടും മന്ത്രിയാക്കിയത് നിർഭാഗ്യകരമാണെന്ന് ചിത്ര തുറന്നടിച്ചു. അദ്ദേഹത്തിനെതിരായ പോരാട്ടം തുടരുമെന്നും ചിത്ര വ്യക്തമാക്കി.

മുൻപ് പ്രതിപക്ഷത്തായിരുന്ന സമയത്ത് റാത്തോഡിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി തുടരുന്ന സർക്കാരിലാണ് റാത്തോഡ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ശിവസേനയിലെ വിമത സംഘത്തിനൊപ്പം ചേർന്നതോടെയാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, സഞ്ജയ്‌യെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ പൊലീസ് സഞ്ജയ്ക്ക് ക്ലീൻ ചിറ്റ് നൽകിരുന്നതായി ഏക്നാഥ് ഷിൻഡെ പറഞ്ഞു.

അതുകൊണ്ടാണ് വീണ്ടും മന്ത്രിയാക്കിയത്. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ചർച്ചയ്ക്ക് തയാറാണെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. മുതിർന്ന ബിജെപി നേതാവ് കിരിത് സോമയ്യ യുവതിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു.

ടിക് ടോക് താരവുമായി സഞ്ജയ് ബന്ധം പുലർത്തിയിരുന്നെന്നും, ഇരുവരും തമ്മിലുള്ള പ്രശ്നം രൂക്ഷമായതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് ആരോപണം. സംഭവം അന്വേഷിച്ച പ്രത്യേക സംഘം സഞ്ജയ്ക്ക് ആത്മഹത്യയിൽ പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു.

മഹാ വികാസ് അഘാടി സർക്കാരിനെ താഴെയിറക്കി ഏക്നാഥ് ഷിൻഡെ അധികാരത്തിലേറി ആറാഴ്ചയ്ക്കു ശേഷം മന്ത്രിസഭാ വികസനം നടത്തിയപ്പോഴാണ് സഞ്ജയും ഇടം പിടിച്ചത്. ഇന്ന് സത്യപ്രതിജ്‍ഞ ചൊല്ലി അധികാരമേറ്റതോടെ ബിജെപി തന്നെ പ്രതിഷേധവുമായി രംഗത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker