കോട്ടയം: പോലീസ് ചമഞ്ഞ് മകന്‍ ഗുരുതരമായ കുറ്റം ചെയ്‌തെന്ന് ഭീഷണിപ്പെടുത്തി പിതാവില്‍ നിന്ന് പണം തട്ടി. കാഞ്ഞിരത്തുങ്കല്‍ കെ.കെ. പ്രസന്നനാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന് 46,000 രൂപ നഷ്ടമായി.
പോലീസാണെന്നു പറഞ്ഞ് വിളിച്ചയാള്‍ പ്രസന്നനോട് അദ്ദേഹത്തിന്റെ മകന്‍ കെ.പി. അഭിഷേക് ഗുരുതരമായ കുറ്റം ചെയ്‌തെന്നും കേസെടുക്കാതെ മകനെ വിട്ടയ്ക്കണമെങ്കില്‍ ഉടന്‍തന്നെ 75,000 രൂപ ഗൂഗിള്‍ പേ ചെയ്തു തരണമെന്നും അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 4.25-ഓടെ 923490687438 എന്ന നമ്പറില്‍ നിന്നാണ് പ്രസന്നന് ഫോണ്‍ വന്നത്.
പോലീസെന്നു കരുതി ഭയന്നുപോയ ഇദ്ദേഹം പകുതിയോളം തുക ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞ് ഇദ്ദേഹത്തിന്റെ കോള്‍ കണ്ട് മകന്‍ തിരിച്ചുവിളിച്ചപ്പോഴാണ് താന്‍ തട്ടിപ്പിനിരയാകുകയായിരുന്നുവെന്ന് പ്രസന്നന്‍ മനസിലാക്കുന്നത്.
അഭിഷേകിന്റെ പിതാവല്ലേയെന്ന് ചോദിച്ചുക്കൊണ്ടായിരുന്നു വിളി വന്നത്. നിങ്ങളുടെ മകനും രണ്ടു പേരും മദ്യപിച്ചു മറ്റു ഗൗരവതരമായ വസ്തുക്കളുമായി പോലീസിന്റെ പിടിയിലാണെന്നും മകനെ കേസില്‍പ്പെടുത്താതെ വിട്ടയയ്ക്കണമെങ്കില്‍ ഉടന്‍തന്നെ വിളിക്കുന്ന നമ്പറില്‍ പണം ഗൂഗിള്‍ പേ ചെയ്തു നല്‍കണമെന്നുമായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. മാധ്യമങ്ങളെല്ലാം ഇവിടെയുണ്ടെന്നും ഇവരുടെ ചിത്രം പകര്‍ത്താന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു. സംശയം തോന്നിയ പ്രസന്നന്‍ കോള്‍ കട്ട്‌ചെയ്ത് മകന്റെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല.
തുടര്‍ന്ന് 923461538932 എന്ന രണ്ടാമത്തെ നമ്പറില്‍ നിന്നും അടുത്ത വാട്ട്‌സ്ആപ്പ് കോളെത്തി. ഉടന്‍ പണം തന്നില്ലെങ്കില്‍ മകന്റെ കാര്യം മറന്നേക്കാനായിരുന്നു ഭീഷണി. ഇതിനിടെ തല്ല് കൊണ്ട് കരയുന്നവരുടെ കരച്ചിലും കേള്‍പ്പച്ചു. മകനും കൂട്ടുകാരുമാണ് തല്ല് മേടിക്കുന്നതെന്നും ഉടന്‍ പണം നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നുമായിരുന്നു ഭീഷണി.
ഭയന്നു പോയ പ്രസന്നന്‍, അവര്‍ പറഞ്ഞ നമ്പറില്‍ 30,000 രൂപ ഉടന്‍തന്നെ അയച്ചു കൊടുത്തു. ഇതിനു പുറകെയാണ് 923488755457 എന്ന മൂന്നാമത്തെ നമ്പറില്‍ നിന്നും അടുത്ത വാട്ട്‌സ്ആപ്പ് കോളെടുത്തുന്നത്. മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നതിനായിക്കൂടി പണം നല്‍കണമെന്നായിരുന്നു ഭീഷണി. ഭയപ്പെടുത്തിയതോടെ ഇവര്‍ പറഞ്ഞ ആദ്യത്തെ നമ്പറില്‍ തന്നെ രണ്ടാമതായി പതിനായിരവും മൂന്നാമതായി ആറായിരം രൂപയും പ്രസന്നന്‍ അയച്ചു.
അല്‍പസമയം കഴിഞ്ഞപ്പോള്‍ അഭിഷേക് പിതാവന്റെ കോള്‍ കണ്ട് തിരിച്ചു വിളിച്ചു. മീറ്റിങ്ങിലായിരുന്നു എന്തിനാണ് വിളിച്ചതെന്നു ചോദിച്ചായിരുന്നു വിളിച്ചത്. അപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം ഇവര്‍ അറിയുന്നത്. ഉടന്‍തന്നെ പ്രസന്നന്‍ തന്റെ അക്കൗണ്ടുള്ള കോതനല്ലൂരിലെ ഫെഡറല്‍ ബാങ്കിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. കോതനല്ലൂരിലുണ്ടായിരുന്ന കുറവിലങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.