തൊടുപുഴ: കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച വയോധികയായ മാതാവിനെ വഴിയില്‍ ഉപേക്ഷിച്ചു മകന്റെ ക്രൂരത. തൊടുപുഴക്ക് സമീപം ഇടവെട്ടി പഞ്ചായത്തിലെ തൊണ്ടിക്കുഴയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം.
85കാരിയായ വയോധിക വ്യാഴാഴ്ച തൊണ്ടിക്കുഴയിലെ മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ആശ പ്രവര്‍ത്തകയും പഞ്ചായത്ത് അംഗവും പോലീസും ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരെ ആദ്യം താമസിച്ചിരുന്ന വീട്ടിലേക്കു മാറ്റി. ഇവരെ അടുത്ത ദിവസം കോവിഡ് പരിശോധനയ്ക്ക് വിധേയയാക്കും. സംഭവത്തില്‍ മകനെതിരെ ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തൊടുപുഴ സിഐക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം നരിക്കുഴിയില്‍ ഭാര്യയെയും മൂന്ന് മക്കളെയും കാണാനില്ലെന്ന പരാതിയുമായി അന്ധനായ യുവാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എരവന്നൂര്‍ വെളുത്തേടത്ത് സാലിമാണ് തന്റെ ഭാര്യയെയു ഒമ്പതും അഞ്ചും മൂന്നും വയസ്സുള്ള മക്കളെയും കാണാനില്ലെന്ന് കാട്ടി കാക്കൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നോമ്പെടുക്കാനായി എഴുന്നേറ്റപ്പോള്‍ ഭാര്യയുടെയും മക്കളുടെയും അനക്കമൊന്നും കേട്ടില്ലെന്നും. ഉടനെ പരിസരവാസികളെ വിളിച്ചുണര്‍ത്തിനോക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. കാരന്തൂരില്‍ സുഹൃത്തിനൊപ്പം റെക്കോര്‍ഡിങ് സ്റ്റുഡിയോ നടത്തുകയാണ് സാലിം. സാലിമിന്റെ പരാതിയില്‍ കാക്കൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാലിം പരാതി നല്‍കിയിട്ടുണ്ട്.