വയോജന ദിനത്തില്‍ മദ്യലഹരിയില്‍ പിതാവിനെ തല്ലിച്ചതച്ച് മകന്‍; സംഭവം മാവേലിക്കരയില്‍, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ആലപ്പുഴ: ലോക വയോജനദിനത്തില്‍ ആലപ്പുഴയില്‍ വയോധികനായ പിതാവിന് മകന്റെ ക്രൂര മര്‍ദ്ദനം. മാവേലിക്കര കല്ലുമല കാക്കാഴപള്ളില്‍ കിഴക്കതില്‍ രഘുവിനെയാണ് മകന്‍ രതീഷ് അതിക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയത്. മദ്യക്കുപ്പി പിതാവ് എടുത്തു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മാതാവിന്റെ മുന്നിലിട്ടാണ് മകന്‍ പിതാവിനെ തല്ലിച്ചതച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെതുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുറത്തികാട് പോലീസ് കേസെടുത്തു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചെത്തിയ രതീഷ് വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കാണുന്നില്ല എന്നു പറഞ്ഞു ബഹളം ഉണ്ടാക്കി. ഈ സമയം വീട്ടിലുണ്ടായിരുന്ന പിതാവിനോട് മദ്യക്കുപ്പി എടുത്തോ എന്നു ചോദിച്ച് തട്ടിക്കയറുകയും ഒടുവില്‍ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സാധനം എന്തിയെ എന്നു ചോദിച്ചാണ് മര്‍ദ്ദനം ആരംഭിക്കുന്നത് എന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
പിന്നീട് കേട്ടാലറക്കുന്ന അസഭ്യവാക്കുകള്‍ പറഞ്ഞുകൊണ്ട് പിതാവിന്റെ ഉടുമുണ്ട് വലിച്ചുരിയുകയും കാലില്‍ പിടിച്ചു താഴേക്ക് മറിച്ചിടുകയുമായിരുന്നു. താഴെവീണ പിതാവിനെ ഇയാള്‍ നിലത്തിട്ടു ചവിട്ടുകയും കാലുമടക്കി തലയില്‍ നിരവധി തവണ അടിക്കുന്നതും വീഡിയോയില്‍ കാണാം. പിതാവ് അവശനാകുന്നത് കണ്ട് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പിടിച്ചുമാറ്റുന്നതും കാണാം.
https://youtu.be/IZ-TnToxndk