‘റിങ്കുവിന് എന്റെ സ്ഥാപനത്തില്‍ ജോലി നല്‍കാം’; ആലുവയില്‍ യുവതിയുടെ മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാര് സഹായ വാഗ്ദാനവുമായി നിരവധി പേര്‍
തൃശൂര്‍: സ്‌കൂട്ടര്‍ മാറ്റി വെക്കണമെന്നാവശ്യപ്പെട്ടതിനെ യുവതിയുടെ മര്‍ദ്ദനത്തിനിരയായ സെക്യൂരിറ്റി ജീവനക്കാന്‍ റിങ്കുവിന് പലയിടത്ത് നിന്നും സഹായ വാഗ്ദാനങ്ങള്‍. കാര്‍ പാര്‍ക്കിങ് ഏരിയയില്‍ യുവതി വെച്ച സ്‌കൂട്ടര്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം നീക്കിവച്ചതില്‍ ദേഷ്യംമൂത്താണ് യുവതി ജനങ്ങള്‍ നോക്കിനില്‍ക്കേ സെക്യൂരിറ്റി ജീവനക്കാരനായ റിങ്കുവിന്റെ മുഖത്ത് ആഞ്ഞടിച്ചത്. കൊച്ചി സര്‍വകലാശാല വനിതാ ഹോസ്റ്റലില്‍ താല്‍ക്കാലിക മേട്രനായ കൊയിലാണ്ടി കാവില്‍ദേശം സ്വദേശി ആര്യയാണ് റിങ്കുവിനെ കൈയ്യേറ്റം ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് റിങ്കുവിന്റെ പരാതിയില്‍ 10 ദിവസത്തിനു ശേഷം പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ റിങ്കുവിന്റെ ജീവിത കഥ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി.
മാവേലിക്കരയ്ക്കു സമീപം തഴക്കര പഞ്ചായത്ത് അറുനൂറ്റിമംഗലം കുബംപുഴ വീട്ടില്‍ റോസമ്മയുടെ ഏക മകനാണ് റിങ്കു (26). 11ാം വയസ്സില്‍ പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അമ്മാവന്മാരുടെ സംരക്ഷണത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. പൈസ ഇല്ലാത്തതിനാല്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന എന്‍ജിനീയറിങ് പഠനം. നേരത്തേ മുതല്‍ ഹൃദയ സംബന്ധമായ അസുഖമുള്ളയാളാണ് റിങ്കുവിന്റെ അമ്മ റോസമ്മ. 2017ല്‍ ഡെങ്കിപ്പനി പിടിപെട്ടതോടെ രോഗം മൂര്‍ഛിച്ചു. ശസ്ത്രകിയയ്ക്കു 2 ലക്ഷം ചെലവാകുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് റിങ്കു സെക്യൂരിറ്റി ജോലിയില്‍ പ്രവേശിച്ചത്. ആദ്യം കൊച്ചിയില്‍ കെട്ടിട നിര്‍മാണ സൈറ്റിലായിരുന്നു ജോലി. ഓഗസ്റ്റില്‍ ആലുവ ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിലേക്കു മാറിയത്.
ഇപ്പോഴിതാ റിങ്കുവിന് സഹായ വാഗ്ദാനങ്ങളുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ മനോജ് മനോഹരന്‍ എന്ന വ്യക്തിയുടെ കമന്റ് ഏറെ ശ്രദ്ധേയമാണ്. ‘റിങ്കുവിന് എന്റെ കേരള ഹോട്ടല്‍ തിരുവനന്തപുരം എന്ന സ്ഥാപനത്തില്‍ ജോലി നല്‍കാന്‍ തയാറാണ്. ഭക്ഷവും താമസവും 16000 രൂപ ശമ്ബളവും നല്‍കാം.’ മൊബൈല്‍ ഫോണ്‍ നമ്ബര്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് റിങ്കുവിന്റെ ന്യൂസിന് താഴെ കമന്റിട്ടത്.