കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്: സൈനികന് കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്. സുരക്ഷാ സേനയ്ക്കുനേരെ അജ്ഞാതസംഘം നിറയൊഴിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ നോർത്ത് ഗെയ്റ്റിലാണ് വെടിവയ്പുണ്ടായത്.
വെടിവയ്പിൽ ഒരു അഫ്ഗാൻ സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. അമേരിക്കൻ, നാറ്റോ, അഫ്ഗാൻ സൈനികരാണ് കാബൂൾ വിമാനത്താവളത്തിന് സുരക്ഷ ഒരുക്കുന്നത്. വിമാനത്താവളത്തിന് പുറത്ത് താലിബാൻ സംഘവും നിലയുറപ്പിച്ചിട്ടുണ്ട്.
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതോടെ ആയിരകണക്കിന് ആളുകളാണ് രക്ഷപ്പെടാനായി കാബൂൾ വിമാനത്താവളത്തിലേക്ക് എത്തുന്നത്. വെടിവയ്പിനിടെ ആളുകൾ ചിതറി ഓടുന്നതും കാണാമായിരുന്നു.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.