സൗരോര്‍ജ കൊടുങ്കാറ്റിനേക്കാള്‍ 10 മടങ്ങ് വലിപ്പമുള്ള ജ്വാലകള്‍ വമിക്കുന്ന സ്‌ഫോടനങ്ങള്‍ക്കു (solar storms) കാരണമാകുന്ന സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രം (Sun like star) ശാസ്ത്രജ്ഞര്‍ ആദ്യമായി തിരിച്ചറിഞ്ഞിരിക്കുന്നു. ഭൂമിയില്‍ നിന്ന് ഡസന്‍ കണക്കിന് പ്രകാശവര്‍ഷം (Dozens of Lightyears from Earth) അകലെ സ്ഥിതി ചെയ്യുന്ന നക്ഷത്രം, വന്‍തോതില്‍ ഊര്‍ജ്ജവും ചാര്‍ജ്ജ് ചെയ്ത കണങ്ങളും പുറന്തള്ളുന്ന സൂചനകളാണ് കണ്ടെത്തിയിരിക്കുന്നത്. സൗര കൊടുങ്കാറ്റ് (Solar Storm) എന്നറിയപ്പെടുന്ന സൂര്യനില്‍ കാണപ്പെടുന്ന കൊറോണല്‍ മാസ് ഇജക്ഷന്‍ സൂര്യന്‍ പതിവായി പുറത്തുവിടുന്നു. മണിക്കൂറില്‍ ദശലക്ഷക്കണക്കിന് മൈല്‍ വേഗതയില്‍ ബഹിരാകാശത്ത് കടന്നുപോകാന്‍ കഴിയുന്ന അത്യധികം ചൂടുള്ള കണങ്ങളുടെ അല്ലെങ്കില്‍ പ്ലാസ്മയുടെ മേഘങ്ങളാല്‍ നിര്‍മ്മിതമാണിത്.
കൊളറാഡോ സര്‍വ്വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ യുത നോട്ട്‌സുവിന്റെ നേതൃത്വത്തില്‍, ജ്യോതിശാസ്ത്രജ്ഞര്‍ ഭൂമിയിലും ബഹിരാകാശത്തും ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് സൂര്യന്റെ മറ്റൊരു പതിപ്പ് പോലെ കാണപ്പെടുന്ന EK ഡ്രാക്കോണിസിനെ നിരീക്ഷിച്ചിരുന്നു. 2020 ഏപ്രിലില്‍ നക്ഷത്രം പുറന്തള്ളുന്ന ചൂടുള്ള പ്ലാസ്മയുടെ ഒരു മേഘം ഇവര്‍ കണ്ടെത്തി. ഇത് ക്വാഡ്രില്യണ്‍ കിലോഗ്രാം പിണ്ഡം-സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തില്‍ നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ കൊറോണല്‍ മാസ് ഇജക്ഷനേക്കാള്‍ 10 മടങ്ങ് വലുതായിരുന്നു.
ബഹിരാകാശത്തെ കാലാവസ്ഥ എത്രത്തോളം അപകടകരമാകുമെന്നതിന്റെ മുന്നറിയിപ്പായി ഈ പുറന്തള്ളലിനെ കാണണമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. ‘കൊറോണല്‍ മാസ് എജക്ഷന്‍സ് ഭൂമിയിലും മനുഷ്യ സമൂഹത്തിലും ഗുരുതരമായ സ്വാധീനം ചെലുത്തും,’ ലബോറട്ടറി ഫോര്‍ അറ്റ്‌മോസ്‌ഫെറിക് ആന്‍ഡ് സ്‌പേസ് ഫിസിക്‌സിലെ റിസര്‍ച്ച് അസോസിയേറ്റ് ആയ നോട്ട്‌സു പറഞ്ഞു.
കൊറോണല്‍ മാസ് എജക്ഷനുകള്‍ പലപ്പോഴും ഒരു നക്ഷത്രം ഒരു ജ്വാലയെ പുറന്തള്ളുന്നതിന് തൊട്ടുപിന്നാലെ ബഹിരാകാശത്തേക്ക് വ്യാപിക്കാന്‍ കഴിയുന്ന റേഡിയേഷന്റെ പെട്ടെന്നുള്ളതും ഉയര്‍ന്നതുമായ സ്‌ഫോടനത്തിന് ശേഷമാണ് സംഭവിക്കുന്നത്. ‘ഇത്തരത്തിലുള്ള വലിയ പിണ്ഡം പുറന്തള്ളല്‍, നമ്മുടെ സൂര്യനിലും സംഭവിക്കാം. കോടിക്കണക്കിന് വര്‍ഷങ്ങളായി സമാനമായ സംഭവങ്ങള്‍ ഭൂമിയെയും ചൊവ്വയെയും പോലും എങ്ങനെ ബാധിച്ചിട്ടുണ്ടെന്ന് നന്നായി മനസ്സിലാക്കാന്‍ ഈ നിരീക്ഷണം നമ്മെ സഹായിച്ചേക്കാം,’ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ നോട്ട്‌സു പറഞ്ഞു.
പുറന്തള്ളലിന് ബഹിരാകാശത്തെ സൗര കൊടുങ്കാറ്റുകളുടെ സ്വഭാവത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കാന്‍ കഴിയുമെങ്കിലും, സൂര്യനില്‍ ഇത് താരതമ്യേന ശാന്തമായിരിക്കാം. ഗ്യാലക്‌സിക്ക് ചുറ്റുമുള്ള മറ്റു സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങള്‍ നമ്മുടെ സ്വന്തം സൗരജ്വാലകള്‍ പോലെ, എന്നാല്‍ പതിനായിരക്കണക്കിന് മടങ്ങ് കൂടുതല്‍ ശക്തമായ സൂപ്പര്‍ഫ്‌ലെയറുകള്‍ സൃഷ്ടിക്കുന്നതായി കാണിക്കുന്നു. ‘സൂര്യനില്‍ നിന്ന് നമ്മള്‍ കാണുന്ന ജ്വാലകളേക്കാള്‍ വളരെ വലുതാണ് സൂപ്പര്‍ഫ്‌ലെയറുകള്‍, അതിനാല്‍ അവ വളരെ വലിയ മാസ് ഇജക്ഷനുകളും ഉണ്ടാക്കുമെന്ന് ഞങ്ങള്‍ സംശയിക്കുന്നു. എന്നാല്‍ അടുത്തിടെ വരെ അത് വെറും ഊഹം മാത്രമായിരുന്നു.’ ശാസ്ത്രജ്ഞനായ നോട്ട്‌സു പറയുന്നു.
ഇപ്പോള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഡ്രാക്കോണിസിന് നമ്മുടെ സൂര്യന്റെ അതേ വലുപ്പമുണ്ട്, പക്ഷേ, വെറും 100 ദശലക്ഷം വര്‍ഷം പഴക്കമുള്ള, അത് കോസ്മിക് പദങ്ങളില്‍ വളരെ ചെറുപ്പമാണ്. നാസയുടെ ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റും (TESS) ക്യോട്ടോ യൂണിവേഴ്സിറ്റിയുടെ SEIMEI ടെലിസ്‌കോപ്പും ഉപയോഗിച്ച് 32 രാത്രികളിലായാണ് ഗവേഷകര്‍ നക്ഷത്രത്തെ നിരീക്ഷിച്ചത്.
2020 ഏപ്രിലില്‍, സ്‌ഫോടനങ്ങള്‍ ഒരു സൂപ്പര്‍ഫ്‌ലെയറായി മാറുന്നതിനും അടുത്ത 30 മിനിറ്റിനുള്ളില്‍ നക്ഷത്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് പറന്നുയരുന്ന കൊറോണല്‍ മാസ് എജക്ഷന്‍ ട്രിഗര്‍ ചെയ്യുന്നതിനും ഗവേഷകരുടെ സംഘം സാക്ഷ്യം വഹിച്ചു. പ്രാരംഭ ഘട്ടത്തിലെ സ്‌ഫോടനം മണിക്കൂറില്‍ 1 ദശലക്ഷം മൈല്‍ വേഗതയില്‍ പറക്കുന്നതായി കണക്കാക്കപ്പെടുന്നു. അത്തരം ഭയാനകമായ തീവ്രതകള്‍ക്ക് സൂര്യനും കഴിവുണ്ടെന്ന് ടീമിന്റെ കണ്ടെത്തലുകള്‍ സൂചന നല്‍കുന്നു.
സൗരയൂഥത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ വലിയ പിണ്ഡം പുറന്തള്ളുന്നത് വളരെ സാധാരണമായിരുന്നിരിക്കാമെന്ന് നോട്ട്‌സു അഭിപ്രായപ്പെട്ടു. ഭീമാകാരമായ കൊറോണല്‍ മാസ് എജക്ഷനുകള്‍, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഭൂമിയെയും ചൊവ്വയെയും പോലുള്ള ഗ്രഹങ്ങളെ ഇന്നത്തെ രൂപത്തിലേക്ക് രൂപപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടാകണം.
‘ഇന്നത്തെ ചൊവ്വയുടെ അന്തരീക്ഷം ഭൂമിയെ അപേക്ഷിച്ച് വളരെ നേര്‍ത്തതാണ്. മുന്‍കാലങ്ങളില്‍, ചൊവ്വയ്ക്ക് കൂടുതല്‍ കട്ടിയുള്ള അന്തരീക്ഷമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. കോടിക്കണക്കിന് വര്‍ഷങ്ങളായി ഗ്രഹത്തിന് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ കൊറോണല്‍ മാസ് ഇജക്ഷന്‍ നമ്മെ സഹായിച്ചേക്കാം.’
മണിക്കൂറില്‍ ദശലക്ഷക്കണക്കിന് മൈല്‍ വേഗതയില്‍ ബഹിരാകാശത്തേക്ക് പുറന്തള്ളാന്‍ ശേഷിയുള്ള, ഒരു ബില്യണ്‍ ടണ്‍ ദ്രവ്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, സൂര്യന്റെ ഉപരിതലത്തില്‍ നിന്നുള്ള ഏറ്റവും വലിയ സ്‌ഫോടനങ്ങളിലൊന്നാണ് കൊറോണല്‍ മാസ് ഇജക്ഷന്‍. ഈ സൗരവസ്തുക്കള്‍ അതിന്റെ പാതയില്‍ ഏതെങ്കിലും ഗ്രഹത്തെ സ്വാധീനിക്കുന്നു. ശരിക്കും ശക്തമാണിതെങ്കില്‍ ഭൂമിയെ മറികടക്കുമ്പോള്‍, അത് നമ്മുടെ ഉപഗ്രഹങ്ങളിലെ ഇലക്ട്രോണിക്സിനെ നശിപ്പിക്കുകയും ഭൂമിയിലെ റേഡിയോ ആശയവിനിമയ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ചെയ്യും.